മാനത്തുനിന്നു നൂണിറങ്ങിയ മഴനൂലുകള്‍ക്കൊപ്പമാണ് ഈ മണ്‍സൂണ്‍ കാലത്ത് പ്രണയം എന്റെ മനസ്സിലേക്കു കടന്നുവന്നത്. തപിപ്പിക്കുന്ന ഭൂതകാലത്തിനെ മറ്റൊരു പട്ടു കമ്പളത്താല്‍ മറച്ച്, മനോജ്ഞമയ ആ വികാരം എന്നെ പൊതിഞ്ഞുനിന്നു. കാണുന്നതിലോ കേള്‍ക്കുന്നതിലോ ഏറെ ഭംഗി?
പരിഭവത്തിന്റെ മൂടുപടമണിഞ്ഞ് തെന്നിമായുന്ന കാര്‍മുകിലിനെ തടഞ്ഞുനിര്‍ത്തുമ്പോള്‍ ഉത്തുൊഗശൃൊഗത്തിനോട് അവന്‍ എന്താണു പറഞ്ഞിരിക്കുക? ഏറ്റവും മാധുര്യമുള്ള തേന്മഴകൊണ്ട് നിന്നെ ഞാന്‍ നിറക്കുമെന്നോ?അവന്റെ ആ പ്രഖ്യാപനത്തില്‍ മനം കുളിര്‍ത്ത് ആകെ വിവശയായി അവളും ആവശ്യപ്പെട്ടിട്ടുണ്ടാവുമോ? നിന്നിലെ സ്നേഹം മുഴോനും ആ തേന്മഴയിലൂടെ എന്റെ ഓരോ അണുവിലൂടെയും കിനിഞ്ഞിറങ്ങട്ടെയെന്ന്. അതിലൂടെ എന്നിലെ ഓരോ അണുക്കളും ഊഷരതയില്‍ നിന്നുയിര്‍ത്ത് ഉര്‍വരതയെ പുല്‍കട്ടെയെന്ന്.പിന്നെ നിന്റെ സ്പര്‍ശം കൊണ്ട് സഫലമായ ഈ തളിര്‍ മേനിയില്‍ പ്രതീക്ഷയുടെ പുതുനാമ്പുകളോരൊന്നായി ഉരുവാകട്ടെയെന്ന്.
പൂത്തുലഞ്ഞ കുടത്തെറ്റിയില്‍ നിന്ന് വളരെ സാവധാനം തേനൂറ്റിക്കൊണ്ടിരുന്ന ആ കരിവണ്ടിനോടു തികച്ചും അസൂയയാണു തോന്നിയിട്ടുള്ളത്.എനിക്കു നഷ്ടമായ ആ വിശേഷമാധുര്യത്തോടുള്ള അഭിനിവേശത്തിന്റെ തിരുശേഷിപ്പായിരുന്നില്ലേ ഈ കാപട്യത്തിന്റെ മൂലക്കല്ല്. എങ്കിലും ഈ പൂവുകള്‍ എന്താവും ഈ കരിവണ്ടിനോടു പറഞ്ഞിട്ടുണ്ടാവുക.സവിശേഷമായ ഈ മധു നിനക്കു മാത്രമായിട്ടണ് ഞാന്‍ കരുതിവച്ചിരുന്നതെന്നോ? നിന്റെ ചുണ്ടുകള്‍ എന്നെ നുകരുമ്പോള്‍ നിന്റെ ചുണ്ടുകളുടെ മാധുര്യം എന്നെ മത്തുപിടിപ്പിക്കുന്നുവെന്നോ?
വീശിയടിക്കുന്ന കാറ്റിനൊപ്പം മുളങ്കാടിന്റെ സംഗീതം ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ഉള്ളം ഉടുക്കുപാട്ടിന്റെ ഈണം ഏറ്റുവാങ്ങുകയായിരുന്നു.പിന്നീടെപ്പൊഴോ അകാലത്തില്‍ മണ്‍സൂണ്‍ നിലച്ചപ്പോള്‍ ആ പ്രണയവും, ഒഴുകിപ്പോയ വെള്ളത്തിനൊപ്പം ഒലിച്ചുപോയി. പൊള്ളൂന്ന നെഞ്ചും വിരസമായ ദിവസങ്ങളും നീണ്ട കാത്തിരിപ്പും ഇനിയും ബാക്കി.