Thursday, May 25, 2017

തന്തോയം കൊണ്ടെനിയ്ക്കിരിക്കാൻ വയ്യേ ഞാനിപ്പം മാനത്തു മലിഞ്ഞു കേറും.

സത്യം പറയാമല്ലോ, ഇന്നലെരാത്രി ഒരു പോള കണ്ണടച്ചിട്ടില്ല ഞാൻ. സന്തോഷം അതിന്റെ എല്ലാ വന്യതകളോടെ എന്നെ വരിഞ്ഞുമുറുക്കുകയാണ്. അക്ഷരങ്ങളെ ഇത്രയധികം ഞാൻ സ്നേഹിച്ചിരുന്നെന്ന് അവരെന്നെ ഇത്രയേറെ ചേർത്തുപിടിച്ചിട്ടുണ്ടെന്ന് മനസ്സിലാകുന്നത്  തന്നെ ഇന്നലെയാണ്. അടക്കിവച്ചിരുന്ന ആശയങ്ങൾ ഒന്നായി വിരൽത്തുമ്പിലേക്ക് പ്രവഹിയ്ക്കുന്നതുപോലെ.
ഇതുവരെ സ്വയമുണ്ടാക്കിയ ഒരു തടവറയ്ക്കുള്ളിലായിരുന്നു ഞാൻ. കഥകൾക്കും കവിതകൾക്കും അയിത്തം കല്പിച്ചിട്ടുള്ള, കൊലപാതകങ്ങളേക്കാൾ അവ നികൃഷ്ടമാണെന്ന് കരുതുന്ന ഒരു സമൂഹത്തിലേക്ക് പറിച്ചുമാറ്റപ്പെട്ടപ്പോൾ സ്വയം നിർമ്മിച്ച ചില്ലു കൂടാരത്തിലേക്ക് നടന്നുകയറിയത് സ്വന്തം തീരുമാനപ്രകാരം തന്നെയാണ്. അവിവാഹിതയായ പെണ്ണിന്റെ സാരിയുടെ പ്ളീറ്റ്സ് തൊഴിലിടത്തിന്റെ മാന്യത സംരക്ഷിയ്ക്കുകയും അവളുടെ ചിരി പുരുഷജന്മങ്ങളുടെ ആസക്തികൂട്ടുകയും ചെയ്തപ്പോൾ വരികളിൽ ഞാൻ പോലും അറിയാതെ ഉറങ്ങിക്കിടന്നേക്കാവുന്ന അർത്ഥവിരാമങ്ങളേയും നാനാർത്ഥങ്ങളേയും അതുയർത്തിയിരുന്ന സദാചാരഭീകരതയേയും ഞാൻ വല്ലാതെ ഭയന്നിരുന്നു എന്നതാണ് സത്യം. പാറുവിന്റെ സ്നേഹത്തോടെയുള്ള നിർബന്ധങ്ങൾ ചെറിയശ്രമങ്ങൾക്ക് വഴിവെച്ചെങ്കിലും അക്ഷരങ്ങൾ അപ്പോഴും പിണങ്ങി നിന്നു.  

ഈ തിരിച്ചുവരവിന് നന്ദി പറയാൻ ഒരുപാട് പേരുണ്ട്. എന്നിലെ എന്നെ കണ്ടെടുക്കാൻ എന്നെ സഹായിച്ച അജയ്, സാഹചര്യങ്ങളോട് പൊരുതി എഴുത്തിടത്തിലും വായനക്കരുടെ മനസ്സിലും സ്ഥാനമുറപ്പിച്ച വനജ, ഈ തിരിച്ചുവരവിൽ വ്യക്തമായ മാർഗനിർദ്ദേശങ്ങളോടെ പിന്തുണയറിയിയ്ക്കുന്ന പ്രിയ ബ്ളോഗേഴ്സ് സജീവേട്ടനും വിശ്വേട്ടനും, പിന്നെ ഒറ്റയ്ക്കല്ലെന്നോർമിപ്പിയ്ക്കാൻ തോളോട് ചേർന്നു നിൽക്കുന്ന കുഞ്ഞൂസ്, ചക്രവ്യൂഹത്തിലകപ്പെട്ടേക്കാമെന്ന് ഭയന്ന് എനിക്ക് ചുറ്റും സുരക്ഷാവലയം തീർക്കുന്ന പ്രിയസഖാക്കൾ പ്രമോദ്, നജാഷ്, സൂരജ്, നാടിന്റെ സംസ്ക്കാരികമൂല്യം സംരക്ഷിയ്ക്കുന്നതിന് ഓരോവ്യക്തിയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഉറപ്പിയ്ക്കുന്ന സുഹൃത്തുക്കൾ മനോജും ദീപക്കും. മിസ്സൊരു ടെറർ ആണെന്ന് പറയുമ്പോഴും എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിയ്ക്കുന്ന എന്റെ കുഞ്ഞുങ്ങൾ, നിങ്ങളുള്ളപ്പോൾ ഞാൻ മറ്റെന്തിനെയാണ് ഭയക്കേണ്ടത്.

ഇതൊരു സാധാരണമടക്കയാത്രയല്ല, എന്റെ സ്വത്വം തിരിച്ചുപിടിയ്ക്കൽ കൂടിയാണ്, ഒപ്പം എന്റെ സ്വാതന്ത്ര്യപ്രഖ്യാപനവും. ഇനിയീ അക്ഷരങ്ങളിലൂടെ ഞാൻ നിങ്ങളിലേക്കെത്തിക്കൊണ്ടിരിയ്ക്കും. എന്റെ ഓർമ്മകളും 

Wednesday, July 14, 2010

അച്ഛാ, അങ്ങ് ഇന്ന് എന്നിലെ അരക്ഷിതത്വമാണ്


സന്ധ്യമയങ്ങിയിട്ടും മഴ തോര്‍ന്നിരുന്നില്ല,കാലവര്‍ഷത്തിന്റെ കാര്‍ക്കശ്യത്തില്‍ ഗ്രാമം മുഴുവന്‍ ഇരുളിലാഴ്ന്നിരുന്നു.കാട്ടു ചീവീടുകളുടെ നാദവീചികള്‍ വരാനിരിക്കുന്ന പേമാരിയുടെ മുന്നൊരുക്കമായി.മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ആപേക്ഷിക സിദ്ധാന്തതിനോടൂം ന്യൂട്ടന്റെ ചലന നിയമങ്ങളോടും പോരടീക്കെ മകള്‍ ഉറക്കെ പ്രഖ്യാപിച്ചു.


“ഞാന്‍ ഈ പരീക്ഷ എഴുതുന്നില്ല, എനിയ്ക്കോന്നും അറിയില്ല, ഞാനൊന്നും പഠിച്ചിട്ടില്ല”


അടുക്കളയില്‍ കലപിലകൂട്ടുന്ന പാത്രങ്ങളോട് സല്ലപിച്ചിരിക്കുന്ന സ്ത്രീ രൂപത്തെ ആ മുറിയിലേക്കുന്തിനീക്കാന്‍ തക്കവണ്ണം കരുത്ത് ആ ശബ്ദത്തിനുണ്ടെന്ന് അവളും നിരീച്ചിരുന്നില്ല.


“അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ, അച്ഛന്‍ സ്വപ്നത്തില്‍ കണ്ടതാ നീയൊരു എഞ്ചിനീയറായെന്ന്. എന്‍ട്രന്‍സ് എഴുതാതെ എങ്ങെനെയാ”

“അച്ഛനു വെറുതെ സ്വപ്നം കണ്ടാല്‍ മതിയല്ലോ” മകളുടെ ആത്മഗതം പുറത്തു വന്നില്ല.

“എല്ലാ കുട്ടികളും പരീക്ഷയെഴുതുമ്പോള്‍ ഞാന്‍ അവരെ നോക്കി വെറുതെ ഇരിക്കേണ്ടിവരും”


അവളുടെ കണ്‍തടങ്ങളീല്‍ ഒരു നീര്‍ത്തുള്ളീ ഊറിക്കൂടി.

“സമ്മതിച്ചു. പരീക്ഷ എഴുതണ്ടാ, നാളെ ഇവിടെ ഉണ്ടാവരുത്. ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ പൊയ്ക്കോ.അല്ലെങ്കില്‍ എന്നോടാരിയ്ക്കും കലിപ്പു തീര്‍ക്കുന്നത്”.


“ഉം....” തീരുമാനത്തിന്റെ ദൃഢത ഒരു മൂളലിലൊതുങ്ങി.


കാലത്ത് അഞ്ചരയ്ക്കുതന്നെ അച്ഛന്റെ അടിവെയ്പുകളെ സ്വന്തം പാദങ്ങള്‍ കൊണ്ടളന്ന് നാല്‍ക്കവലയിലെത്തുമ്പോഴും അവള്‍ക്കു വഴികാട്ടിയായത് അച്ഛന്റെ ആത്മവിശ്വാസം നിറഞ്ഞ ചിരിയാണ്.


“ഹോ! ഇന്നലെ എന്നാ ഒരു മഴയാരുന്നു. ഞള്ളൂ പാലം ഒഴുകിപ്പോയി. വണ്ടിയൊന്നും പോവില്ല. നമ്മടെ നാട് ഒറ്റപ്പെട്ടെന്നു പറഞ്ഞാ മതിയല്ലോ” വാക്കുകള്‍ ചിതറിവീണത് പാലുകച്ചവടക്കാരന്‍ അന്ത്രുവില്‍ നിന്നാണ്.

നിര്‍ബന്ധിച്ചു ചെയ്യിക്കുന്ന കാര്യത്തില്‍ നിന്നും രക്ഷപ്പെട്ട നിര്‍വൃതി മകളുടെ മുഖത്തൊഴുകി വന്നു.

“ഈ സാറിതെന്തു ഭാവിച്ചാ? പിള്ളാരുടെ ഭാവി വെച്ചാ കളിക്കുന്നത്. തണ്ണിത്തോടിനെ സാര്‍ അറിയാത്തതൊന്നുമല്ലല്ലോ. കൊച്ചിനെ നേരത്തെ കാലത്തേ പത്തനംതിട്ടയിലെത്തിക്കേണ്ടതിനു പകരം...” ആത്മരോഷം ഉയര്‍ന്നു പൊങ്ങിയത് പത്തനംതിട്ടയില്‍ ജോലിചെയ്യുന്ന P.W.D.ജീവനക്കാരി സാറാമ്മയില്‍ നിന്നാണ്. അച്ഛന്റെ മുഖത്തെ ചിരിയ്ക്ക് ഒരു മാറ്റവും വരുത്താന്‍ ആ അത്മരോഷത്തിനും കഴിഞ്ഞില്ല


കാട്ടുവഴിയിലൂടെ പത്തനംതിട്ടയ്ക്കുപോകാന്‍ തയ്യാറായി വന്ന ജീപ്പില്‍ കരുതലോടെ മകളെയിരുത്തു കയ്യില്‍ ചുരുട്ടിപ്പിടിച്ച നൂറുരൂപാനോട്ട് മകള്‍ക്കുനേരെ നീട്ടി ശബ്ദം താഴ്ത്തി അച്ഛന്‍ പറഞ്ഞു.


“ഉച്ചയ്ക്ക് വിശക്കുമ്പോള്‍ കുഞ്ഞുമോന്റെ കടയില്‍ പോകണം. അവനോട് ഹോട്ടലീന്ന് ഭക്ഷണം വാങ്ങിത്തരാന്‍ പറയണം. വീട്ടിലെ അവസ്ഥ നിനക്ക്ക്കറിയാമല്ലോ, എനിക്ക് വരാന്‍ പറ്റാഞ്ഞിട്ടാ...”


നിലയ്ക്കാത്ത ഇടവപ്പാതി കൊച്ചച്ചന്റെ ചെറിയ കടയേയും വെള്ളത്തിലാഴ്ത്തിയപ്പോള്‍ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമില്ലാതെ മകള്‍ പരീക്ഷ എഴുതി.വിജയം കൈവരിയ്ക്കുകയും ചെയ്തു.


വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പരിദേവനം അച്ഛനില്‍ നിന്നുതിര്‍ന്നുവീണു.

“എന്റെ മക്കളെ ഞാന്‍ പഠിപ്പിച്ചു. ന്നിട്ടും അവര്‍ ഇംഗ്ലീഷ് പറയുന്നത് കേള്‍ക്കാന്‍ എനിക്ക് യോഗമില്ലല്ലോ”

പട്ടിണിയും പരിവട്ടവും വിദ്യാഭ്യാസത്തിന്റെ പരിമിതി പത്താം ക്ലാസില്‍ ഒതുക്കേണ്ടി വന്ന ഒരു പ്രാരബ്ധ്ക്കാരന്റെ മനോവ്യാപാരമായിരുന്നു അത്.


ഇന്ന് നീലാകാശത്ത് ഏറ്റവും പ്രകാശമുള്ള ഒറ്റപ്പെട്ടുനില്‍ക്കുന്ന ആ നക്ഷത്രത്തെ നാഴികകളോളം ഞാന്‍ നോക്കി നില്‍ക്കും. അച്ഛന്റെ മകള്‍ അങ്ങാഗ്രഹിച്ച അതേ വിദ്യാഭ്യാസസ്ഥാപനത്തില്‍ അധ്യാപിക ആയിരിക്കുന്നുവെന്നും സാമാന്യം തെറ്റില്ലാതെ ആംഗലേയം സംസാരിയ്ക്കാന്‍ പഠിച്ചെന്നും എനിക്കങ്ങയോട് പറയണം.അങ്ങുപിരിയുമ്പോള്‍ എനിയ്ക്ക് നഷ്ടമായത് ഉണര്‍ത്തുപാട്ടും വൈകുന്നേരങ്ങളില്‍ പൊതിക്കടലകളുമായെത്തുന്ന ഉറവ വറ്റാത്ത സ്നേഹമായിരുന്നെന്നും എനിയ്ക്കങ്ങയെ ഓര്‍മപ്പെടുത്തണം. ആഘോഷങ്ങള്‍ ആര്‍ത്തലച്ചു കടന്നുപോകുമ്പോള്‍ മത്താപ്പും കമ്പിത്തിരിയും മാലപ്പടക്കവും വാങ്ങാന്‍ പോയ അച്ഛനെ കാത്ത് കാത്ത് തത്തക്കുട്ടി നിസംഗയായിപ്പോയെന്ന് എനിയ്ക്കങ്ങയോട് പരിഭവിയ്ക്കണം. മകള്‍ ഉദ്യോഗസ്ഥയായതിന്റെ സന്തോഷം കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പകുത്ത് നല്‍കാന്‍ കാത്തു നില്‍ക്കാതെ, മാലാഖമാരുടെ മഞ്ചലിലേറി മറ്റൊരു ലോകത്തേക്ക് പലായനം ചെയ്തത് എന്തിനാണെന്ന് എനിയ്ക്കങ്ങയോട് പരാതിപ്പെടണം. കാരണം അങ്ങ് ഞങ്ങളെ വേര്‍പിരിഞ്ഞിട്ട് ഇന്നേയ്ക്ക് എട്ടുവര്‍ഷം തികയുന്നു.

പ്രിയപ്പെട്ട അച്ഛാ, അങ്ങ് ഇന്ന് എന്നിലെ അരക്ഷിതത്വമാണ്

Friday, April 23, 2010

തീപ്പൊട്ടന്‍


ഏറെ നാളുകള്‍ക്ക് ശേഷം ഒരു മലയാള നാടകം കാണാന്‍ ഭാഗ്യമുണ്ടായത് തീപ്പൊട്ടനിലൂടെയാണ്`.കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബലിയാടാക്കപ്പെടുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിസ്സഹായതയിലാണ് കോഴിക്കോട് സങ്കീര്‍ത്തനയുടെ തീപ്പൊട്ടന്‍ ഉയിര്‍കൊള്ളുന്നത്.വാഴുന്നവരുടെ ആശയ്ക്കും ആവശ്യത്തിനും ബലികഴിയ്ക്കപ്പെടുന്നത് അധകൃതന്റെ (പാവപ്പെട്ടവന്റെ) ജീവിതമാണെന്ന്, കൊല്ലുന്നവനും കൊല്ലിക്കുന്നവനും ജീവിതം എന്താണെന്ന് അറിയുന്നില്ലെന്ന്, അന്‍പതാണ്ടുകളായി തീപ്പൊട്ടന് കെട്ടിയാടുന്ന അനുഷ്ഠാനകലാകാരന്റെ ആഹ്വാനമാണ് തീപ്പൊട്ടന്റെ മുഖവുര. ഇവിടെ നിന്ന് തീപ്പൊട്ടന്‍ എന്ന തെയ്യം കഥയിലേക്ക്, നാടകത്തിന്റെ തിരശ്ശീല തെന്നിമാറുന്നു.

ബ്രാഹ്മണമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ അടിമയാണ്` അലങ്കാരന്‍. കാണരുതാത്തത് കാണുകയും കേള്ക്ക്രുതാത്തത് കേള്‍ക്കുകയും ചെയ്തകുറ്റത്തിന് അലങ്കാരന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടുകയും ചെവി മുറിച്ച്നീക്കപ്പെടുകയും ചെയ്തു. അറിവ് നേടിയതിനും കണ്ടതും കേട്ടതുമായ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞതിനും വരേണ്യ വര്‍ഗ്ഗം അലങ്കാരനു സമ്മാനിച്ച പരിഹാസനാമമാണ് ‘പൊട്ടന്‍‘. ത്രികാലജ്ജ്നാനിയായ പൊട്ടന്റെ മന്ത്രസിദ്ധികള്‍ അവനെ മാനായും നരിയായും രുപാന്തരം ചെയ്യിച്ചു. അലങ്കാരന്റെ സഹായിച്ച സുഹൃത്ത് കണാദന്‍ ആണും പെണ്ണും കെട്ടവനായി ജീവിക്കണം എന്നാണ് വരേണ്യ വര്ഗ്ഗം കല്പിച്ചത്. അലങ്കാരന്റെ സഹായിയും സഹചാരിയുമായ ഭാര്യ സുന്ദരിയും അടിസ്ഥാന വര്‍ഗ്ഗത്തെ ഉത്ബോധനം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നു.
‘ഞാളു കൊയ്യണ പുത്തരിയാണേ
ങ്ങടെ മനയ്ക്കലെ ചോറൂണ്`
ഞാളെ ചാളേല്‍ കദളിയാണേ
ങ്ങടെ ദൈവത്തിന്‍ നൈവേദ്യം’
ഈ തിരിച്ചറിവ് ഓരോ അടിമയ്ക്കുമുണ്ടാവുന്നതും അവിടെ വച്ച് തൊഴിലാളികള്‍സംഘടിതരാവാന്‍ ശ്രമിക്കുകയുമാണ്` ചെയ്യുന്നത്. തൊഴിലാളികളുടെ ഈ കൂട്ടായ്മയില്‍ കുപിതരായ തമ്പ്രാക്കന്മാര്‍ അലങ്കാരനെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നു. ആര്‍ത്തലച്ച് വെള്ളപ്പൊക്കം പോലെ വരുന്ന ശത്രുക്കളെ നേരിടാന്‍ കഴിവില്ലാത്തതിനാല്‍ തത്കാലം ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലതെന്ന് ഉപദേശിക്കുന്നത് ഭാര്യയായ സുന്ദരിയാണ്.

അടിയാളന്റെ മാംഗല്യത്തീന് മണിയറയുടെ അവകാശം വാഴുന്നോര്‍ക്ക് എന്ന പ്രാചീനവും കിരാതവുമായ ആചാരത്തെയാണ് അലങ്കാരനും കൂട്ടരും എതിര്‍ക്കുന്നത് .മംഗലം നടക്കുന്നത് വാഴുന്നോര്‍ക്ക് ചിരുതയിലുണ്ടായ അടിയാളര്‍ പെണ്ണിന്റേതാണെങ്കിലും “ഞാന്‍ നട്ട വാഴവിത്തിന്റെ കുലവെട്ടാനും അവകാശം തനിക്ക് തന്നെയാണ്` എന്ന് വാഴുന്നോര്‍ ശഠിക്കുന്നു. അലങ്കാരനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ബ്രാഹ്മണര്‍ ഊഴം വെച്ച് വധുവിനെ പ്രാപിക്കുന്നതോടെ സുന്ദരി പ്രതികാര ദുര്‍ഗ്ഗയായി മാറുന്നുണ്ടെങ്കിലും വാഴുന്നോര്‍ക്ക് മരണം സമ്മാനിക്കുന്നത് കണാദനാണ്.
അച്ഛന്റെ മരണത്തിനുത്തരവാദികളായ സുന്ദരിയേയും കണാദനെയും മകന്‍ തിരുമേനി മുതലക്കുളത്തിലേക്ക് വലിച്ചെറിയുന്നു. അലങ്കാരന്‍ അവിടെ പ്രത്യക്ഷപ്പെട്ട് സുന്ദരിയേയും കണാദനേയും രക്ഷപ്പെടുത്തുന്നു.

അവിടെവച്ച് ആര്യാംബ അന്തര്‍ജ്ജനത്തിന്റെ (ശ്രീശങ്കരന്റെ അമ്മ) മോനേ എന്ന വിളി അലങ്കാരന്റെ ചെവിയിലെത്തുന്നു.ബ്രാഹ്മണകുലത്തിലെ ആണ്കോയ്മയെ തൃണവല്ഗെണിച്ച് അമ്മയ്ക്ക് സ്ഥാനം കൊടുക്കുകയും അമ്മയ്ക്കായ് ക്ഷേത്രസമുച്ചയം നിര്‍മ്മിയ്ക്കാനൊരുങ്ങുകയും ചെയ്ത ശങ്കരാചാര്യരുടെ പ്രവര്‍ത്തി യില്‍ പ്രതിഷേധിച്ച് ആ കുടുംബത്തിന് ബ്രാഹ്മണകുലം ഭ്രഷ്ട് കല്പിച്ചിരുന്നു. അമ്മയുടെ ജഡം മറവുചെയ്യുന്നതിനും കൂടി സ്വജനങ്ങള്‍ സഹായിക്കാതിരുന്നപ്പോള്‍ അമ്മയെ ചിതയൊരുക്കി ദഹിപ്പിച്ചത് അലങ്കാരനാണ്.

ശങ്കരന്‍ ജ്ജ്നാനപീഠത്തിലേക്കുള്ള യാത്രാമദ്ധ്യേ അലങ്കാരനേയും കുടുംബത്തേയും കാണുകയുണ്ടായി. വഴിമാറി നടക്കാന്‍ ആവശ്യപ്പെട്ട ശങ്കരനോട്
‘ഇങ്ങെല്ലാം കാടല്ലോ, ഇങ്ങെല്ലാം മുള്ള്
എങ്ങനടിയന്‍ വഴിപിരിയേണ്ടൂ
ഒക്കത്ത് കുഞ്ഞീം തലയില്‍ കള്ളും
എങ്ങനടിയന്‍ വഴിപിരിയേണ്ടൂ‘ എന്ന് ചോദിക്കുന്നു.
ഈ തര്‍ക്കുത്തരത്തില്‍ കോപിതനായി ശങ്കരന്‍
“നിഭൃതന്മാരാം നിങ്ങള്
എത്രയും കുറഞ്ഞ ജാതിയിലേക്ക്
നീ തിരികെ പോ ചണ്ഡാളാ വേഗം” കയര്‍ക്കുന്നു

“നാങ്കളെ കൊത്ത്യാലും ഒന്നല്ലോ ചോര
നീങ്കളെ കൊത്ത്യാലും ഒന്നല്ലോ ചോര
അവിടേക്ക് നാങ്കളും നീങ്കളുമൊക്കും
പിന്നെന്തിനീ ചൊവ്വരേ പിശകുന്നു“ അലങ്കാരന്റൈ ഈ മറുപടി ശങ്കരന്റെ ഉള്‍ക്കണ്ണ് തുറപ്പിക്കുന്നു.


‘ഈ ചണ്ഡാളനെ ഗുരുവായി സ്വീകരിച്ച ശങ്കരന്‍ “മനീഷപഞ്ചകം” എഴുതിയത് ഈ വാഗ്വാദം മൂലമുണ്ടായ ദര്‍ശനത്തില്‍ നിന്നാണത്രേ. പൊട്ടന്‍ കൈലാസ നാഥന്റെ അവതാരമാണെന്നും പറയപ്പെടുന്നു.

അലങ്കാര നിര്‍മ്മാര്‍ജ്ജനം ആസന്നലക്ഷ്യമായിക്കണ്ട ബ്രാഹ്മണ്യം അലങ്കാരന്റെ ബന്ധുക്കള്‍ക്ക് പൊന്‍പണം വാഗ്ദാനം ചെയ്ത്, ഒളിവിലായിരുന്ന അലങ്കാരനെ പീടികൂടുന്നു. തദവസരത്തില്‍ സുഹ്രുത്തായ കണാദനോട് തന്റെ കാലുകള്‍ ഛേദിക്കപ്പെടേണ്ടതു നിന്റെ കൈയ്യുകളാലണെന്ന് അലങ്കാരന് പറയുന്നു. ഗളഛേദം നടത്തേണ്ടത് ഭാര്യ സുന്ദരിയായിരിക്കണമെന്ന് അലങ്കാരന്‍ ഉത്തരവിടുന്നു. അലങ്കാരന്റെ വീരമൃത്യുവിനുശേഷം ശാപം കിട്ടിയ ബ്രാഹ്മണകുലം അലങ്കാരനെന്ന തീപ്പൊട്ടനെ ഇല്ലത്തേക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും അലങ്കാരന്‍ പോകുന്നില്ല. പ്രപഞ്ചശക്തികള്‍ വരുതിയിലുള്ള പൊട്ടന്റെ ഭാഷ തീ ആയതിനാലാണ് തീപ്പൊട്ടന്‍ എന്ന പേരു വന്നത്. ചുറ്റും കനലെരിയുമ്പോഴും ഈ പൊട്ടന് കുളിരാണ്.
തച്ചുടയ്ക്കപ്പെട്ടെന്ന് നാം വിശ്വസിക്കുന്നുണ്ടെങ്കിലും ജാതീയത അതിന്റെ മൂര്‍ത്ത ഭാവത്തില്‍ തന്നെ സമൂഹത്തില്‍ നടമാടുന്നുണ്ട്. അര്‍ത്ഥവും അധികാരവും അലങ്കാരമാക്കിയവരുടെ ചിന്താഗതികള്‍ക്കനുസൃതമാണ് ലോകത്തിന്റെ നീതിയും നിയമവും. സ്വന്തം ചോരയില്‍ പിറന്ന മകളെ ബലാല്ക്കാരം ചെയ്യാനുറയ്ക്കുന്ന ബ്രാഹ്മണ്യ്യം തന്നെയാണ് നാടിന്റെ ശാപം. ഭാര്യയെ അമ്മേയെന്ന് സകല ബഹുമാനങ്ങളോടുകൂടി വിളിക്കുന്ന തീപ്പൊട്ടന്മാര്‍ പരിഷ്കൃത സമൂഹത്തിനും പൊട്ടന്മാര്‍ തന്നെയാണ്. അവരോ എണ്ണത്തില് വളരെ കുറവും. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ചോദനകള്‍ ഉള്‍ക്കൊള്ളാന്‍ തീപ്പൊട്ടന്‍ കൊളുത്തിയ നൈതികതയുടെ ഇത്തിരിവെട്ടം നമുക്ക ഹൃത്തടത്തില്‍ സൂക്ഷിച്ച് വെക്കാം. കാലത്തിനപ്പുറത്ത് നിന്ന് വിറയാര്‍ന്ന ആ ശബ്ദം നമ്മളോട് പറയും                                                            

"ന്താ ല്ലാരും ഇങ്ങനെ തൂക്ഷിച്ച് നോക്കണെ?                                                                                             ന്തേലും കാണണണൊണ്ടാ,    ന്തേലും കേക്കണൊണ്ടോ                                                                                                                                  
ആ പോയ ചങ്കരനെ കാണണൊണ്ടാ                                                                                                                  
ന്നെ കാണണൊണ്ടാ                                                                                                                             ജീവിതേ ഒരു പൊയ പോലെയാ അതങ്ങനെ ഒയുകി ഒയുകിയങ്ങു പോകും!”

Wednesday, September 23, 2009

പത്ര പ്രവര്‍ത്തനം

അയലത്തെ വീട്ടിലെ പനിമരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകന്‍ അവളുടെ വീട്ടിലെത്തിയത് തികച്ചും യാദൃശ്ചികം. മതിലിന്നപ്പുറം കണ്ട ആ പരിചിത മുഖം അവള്‍ക്ക് എന്നോ നഷ്ടമായ മങ്ങാത്ത സൌഹൃദത്തിന്റെ മനുഷ്യാകാരമായിരുന്നു. പ്രവാസിയായ ഭര്‍ത്താവും വിദ്യാര്‍ത്ഥികളായ മക്കളും തീര്‍ത്തുവച്ച ഏകാന്തതയുടെ തടവിലേക്ക് അല്പനേരം അയാളെ ക്ഷണിച്ചത് ആ സൌഹൃദത്തിന്റെ സുരക്ഷിതത്വത്തിന്മേലുള്ള വിശ്വാസമാണ്. നാലുചുവരുകള്‍ക്കുള്ളില്‍ ഏകയായ പെണ്ണിന്റെ സാമീപ്യം അയാളിലെ മൃഗതൃഷ്ണകള്‍ക്ക് ജീവന്‍ പകര്‍ന്നപ്പോള്‍ പേലവഹസ്തങ്ങള്‍ കാരിരുമ്പിന്റെ കരുത്താര്‍ജ്ജിക്കുകയും അവ അയാളുടെ ഇടത് കവിളില്‍ ചെന്നിണമാര്‍ന്ന കൈപ്പത്തി മുദ്രവെക്കുകയും ചെയ്തു.തിരിഞ്ഞ് നോക്കാതെ അയാള്‍ പടികടന്നപ്പോള്‍ അവളുടെ മിഴിയിണകളില്‍ കണ്ണീര്‍മുത്തുകള്‍ ഉരുണ്ടുകൂടിയത് ഒരു വിശ്വാസത്തകര്‍ച്ചയുടെ നൊമ്പരമായാണ്.എന്നാല്‍ തൊട്ടടുത്തദിവസത്തെ പത്രത്തില്‍ “സ്ത്രീകളുടെ ഫോണുകളില്‍ ശല്യകോളുകളുടെ പ്രവാഹം” എന്ന തലക്കെട്ടില്‍ ഇതേ റിപ്പോര്‍ട്ടര്‍ കൊടുത്ത വാര്‍ത്ത കണ്ട് അവളുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി പടര്‍ന്നു.

വാര്‍ത്ത ഇങ്ങനെ തുടരുന്നു. മൊബൈല്‍ ഫോണില്‍ വിളിച്ച് പെണ്‍കുട്ടികളേയും വീട്ടമ്മമാരേയും ശല്യം ചെയ്യുന്ന യുവാക്കളുടെ എണ്ണം പെരുകുന്നു. ഏതെങ്കിലും നമ്പറുകളിലേക്ക് മിസ്സ്ഡ് കോള്‍ അടിക്കുന്ന സംഘം സ്വീകര്‍ത്താവ് തിരിച്ചുവിളിക്കുന്നതോടെ` പ്രവര്‍ത്തന നിരതമാവുന്നു. തിരിച്ചു വിളിക്കുന്നത് സ്ത്രീകളാണെങ്കില്‍ ഇടയ്ക്കിടെ വിളിച്ച് ശല്യം ചെയ്യലാണ് ഇവരുടെ പതിവ്‌. ഗൃഹനാഥന്‍ വിദേശത്തുള്ള സ്ത്രീകളെ കണ്ടെത്തി അവരുടെ വീട്ടിലെ നമ്പര്‍ തപ്പിപിടിച്ച് വിളിക്കുന്ന ഈ വിരുതന്മാര്‍ അസഭ്യം പറയുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്യുന്നതിനാല്‍ പലരും പരാതിപ്പെടാന്‍പോലും ബുദ്ധിമുട്ടുകയാണ്. ഇത്തരക്കാരുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നു.Tuesday, June 20, 2006

പ്രണയം


മാനത്തുനിന്നു നൂണിറങ്ങിയ മഴനൂലുകള്‍ക്കൊപ്പമാണ്‌ ഈ മണ്‍സൂണ്‍ കാലത്ത്‌ പ്രണയം എന്റെ മനസ്സിലേക്കു കടന്നുവന്നത്‌. തപിപ്പിക്കുന്ന ഭൂതകാലത്തിനെ മറ്റൊരു പട്ടു കമ്പളത്താല്‍ മറച്ച്‌, മനോജ്ഞമയ ആ വികാരം എന്നെ പൊതിഞ്ഞുനിന്നു. കാണുന്നതിലോ കേള്‍ക്കുന്നതിലോ ഏറെ ഭംഗി?

പരിഭവത്തിന്റെ മൂടുപടമണിഞ്ഞ്‌ തെന്നിമായുന്ന കാര്‍മുകിലിനെ തടഞ്ഞുനിര്‍ത്തുമ്പോള്‍ ഉത്തുൊഗശൃൊഗത്തിനോട്‌ അവന്‍ എന്താണു പറഞ്ഞിരിക്കുക? ഏറ്റവും മാധുര്യമുള്ള തേന്മഴകൊണ്ട്‌ നിന്നെ ഞാന്‍ നിറക്കുമെന്നോ?അവന്റെ ആ പ്രഖ്യാപനത്തില്‍ മനം കുളിര്‍ത്ത്‌ ആകെ വിവശയായി അവളും ആവശ്യപ്പെട്ടിട്ടുണ്ടാവുമോ? നിന്നിലെ സ്നേഹം മുഴോനും ആ തേന്മഴയിലൂടെ എന്റെ ഓരോ അണുവിലൂടെയും കിനിഞ്ഞിറങ്ങട്ടെയെന്ന്. അതിലൂടെ എന്നിലെ ഓരോ അണുക്കളും ഊഷരതയില്‍ നിന്നുയിര്‍ത്ത്‌ ഉര്‍വരതയെ പുല്‍കട്ടെയെന്ന്.പിന്നെ നിന്റെ സ്പര്‍ശം കൊണ്ട്‌ സഫലമായ ഈ തളിര്‍ മേനിയില്‍ പ്രതീക്ഷയുടെ പുതുനാമ്പുകളോരൊന്നായി ഉരുവാകട്ടെയെന്ന്.

പൂത്തുലഞ്ഞ കുടത്തെറ്റിയില്‍ നിന്ന് വളരെ സാവധാനം തേനൂറ്റിക്കൊണ്ടിരുന്ന ആ കരിവണ്ടിനോടു തികച്ചും അസൂയയാണു തോന്നിയിട്ടുള്ളത്‌.എനിക്കു നഷ്ടമായ ആ വിശേഷമാധുര്യത്തോടുള്ള അഭിനിവേശത്തിന്റെ തിരുശേഷിപ്പായിരുന്നില്ലേ ഈ കാപട്യത്തിന്റെ മൂലക്കല്ല്. എങ്കിലും ഈ പൂവുകള്‍ എന്താവും ഈ കരിവണ്ടിനോടു പറഞ്ഞിട്ടുണ്ടാവുക.സവിശേഷമായ ഈ മധു നിനക്കു മാത്രമായിട്ടണ്‌ ഞാന്‍ കരുതിവച്ചിരുന്നതെന്നോ? നിന്റെ ചുണ്ടുകള്‍ എന്നെ നുകരുമ്പോള്‍ നിന്റെ ചുണ്ടുകളുടെ മാധുര്യം എന്നെ മത്തുപിടിപ്പിക്കുന്നുവെന്നോ?

വീശിയടിക്കുന്ന കാറ്റിനൊപ്പം മുളങ്കാടിന്റെ സംഗീതം ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ഉള്ളം ഉടുക്കുപാട്ടിന്റെ ഈണം ഏറ്റുവാങ്ങുകയായിരുന്നു.പിന്നീടെപ്പൊഴോ അകാലത്തില്‍ മണ്‍സൂണ്‍ നിലച്ചപ്പോള്‍ ആ പ്രണയവും, ഒഴുകിപ്പോയ വെള്ളത്തിനൊപ്പം ഒലിച്ചുപോയി. പൊള്ളൂന്ന നെഞ്ചും വിരസമായ ദിവസങ്ങളും നീണ്ട കാത്തിരിപ്പും ഇനിയും ബാക്കി.

Saturday, May 20, 2006

അനിയന്‍


ഓര്‍മ്മയുടെ പഴക്കം ചെന്ന താളുകളില്‍ ചെമപ്പ്‌ ട്രൌസറും നെഞ്ചത്ത്‌ മുയല്‍ക്കുട്ടീന്റെ പടമുള്ള ടീ ഷര്‍ട്ടുമിട്ട്‌ ഒരു തക്കിടിമുണ്ടനായി അവന്‍ നില്‍ക്കുന്നുണ്ട്‌. അവന്റൊപ്പം രണ്ടിഞ്ചു കൂടി പൊക്കത്തില്‍ തക്കിടിമുണ്ടി ഞാനും മറ്റൊരു രണ്ടിഞ്ചുകൂടി പൊക്കത്തില്‍ വേറൊരു തക്കിടിമുണ്ടി വല്യക്കയും. വല്ലപ്പോഴും കാണുന്ന "ജയന്‍" ചിത്രങ്ങളിലെ വീരശൂര പരാക്രമങ്ങള്‍ ഞങ്ങളാകുന്ന അബലകളോട്‌ അവന്‍ പ്രവര്‍ത്തിച്ചിരുന്നു. എങ്ങാനും തിരിച്ചൊന്നു കൈ പൊക്കിയാല്‍ "അമ്മേ... കൊച്ചക്ക/വല്യക്ക തല്ലിയേ എന്നു ദിഗന്തങ്ങള്‍ ഭേദിക്കും വിധം നിലവിളിക്കുകയും അതേ തുടര്‍ന്ന് അമ്മ തവിക്കണ സഹിതം രംഗപ്രവേശം ചെയ്യുകയും ചെയ്തു വന്നു. വാനരന്മാരെ പോലും അതിശയിപ്പിക്കും വിധം നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ അമ്മയുടെ ഒക്കത്തെത്തിയിരുന്നത്‌ കൊണ്ട്‌ ശരിയായ വിധം പ്രതികരിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല. അമ്മ ഞങ്ങളെ നോക്കി കരുണയില്ലാതെ "എന്താടീ കുഞ്ഞിനെ ഉപദ്രവിക്ക്യാ" എന്ന് ആവുന്നത്രകോപത്തോടെ പറഞ്ഞുപോന്നു. ചുരുക്കം ചില ദിവസങ്ങളില്‍ ഈ തവിക്കണാ താഡനം ഞങ്ങള്‍ക്കു സഹിക്കേണ്ടിയും വന്നിട്ടുണ്ട്‌. "ഊംഹ്‌! ഒരു കുഞ്ഞ്‌, കൈയ്യിലിരുപ്പ്‌ മാത്രം കൊള്ളില്ലാ...." എന്ന് പാവം ഞങ്ങള്‍ ആത്മഗതം ചെയ്തു. ഇതിനൊക്കെ പ്രതികാരമായി കുഴിപ്പന്ത്‌, കുറ്റിപ്പന്ത്‌, പന്തേറ്‌, പുലിക്കളി, അടിച്ചേച്ചോട്ടം, കയ്യേല്‍പിടുത്തം എന്നീ കളികളിലേര്‍പ്പെടുന്നതിനിടയില്‍ പിച്ച്‌, നുള്ള്‌ തുടങ്ങിയ കലാപരിപാടികള്‍ ഞങ്ങളവനോടും ചെയ്തുവന്നു.


പിന്നേം കുറേനാള്‍ കഴിഞ്ഞപ്പോള്‍ 6ത്ത്‌ല്‌ പഠിക്കുന്ന എന്നെ സ്ക്കൂള്‍ലീഡര്‍ ആക്കാന്‍ 4ത്ത്‌ല്‌ പഠിക്കുന്ന അവന്‍ തന്നെ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ അവന്റെ സ്നേഹത്തിന്റെ ആഴം എനിക്കു മനസ്സിലായി. വൈകുന്നേരം വീട്ടിലു വന്നപ്പോള്‍ അവനതിനു പറഞ്ഞ ന്യായീകരണം "കൊച്ചക്ക ലീഡറായാല്‍ മതി" എന്നു മാത്രമാണ്‌. അവന്റെ ആഗ്രഹപ്രകാരം ചാമ്പക്ക, നെല്ലിക്ക, അമ്പഴങ്ങ, റോസപ്പൂ, കടലമുട്ടായി തുടങ്ങിയവ കൈക്കൂലി വാങ്ങി ഞാന്‍ എന്റെ സ്ക്കൂള്‍ ലീഡര്‍ ധര്‍മ്മം യഥാവിധി പാലിച്ചു പോന്നു.
പത്താം തരത്തിലു പഠിക്കുമ്പോള്‍ വെറും ക്ലാസ്സ്‌ ലീഡര്‍ മാത്രമായ ഞാന്‍ കാണേണ്ടവരെയൊക്കെ കണ്ട്‌ അവനെ എന്റെ ഹൌസില്‍ തന്നെയാക്കുകയും സഭാകമ്പം കൊണ്ടു മുട്ടുകൂട്ടിയടിച്ചിരുന്ന അവന്റെ ശബ്ദത്തിലൂടെ കുറെ മെഡലുകള്‍ ഹൌസിനു വാങ്ങിക്കൊടുക്കുകയും ചെയ്തു.
പ്രീ-ഡിഗ്രിക്കു നഗരത്തിലുള്ള കോളേജില്‍ ചേര്‍ന്നപ്പോള്‍ വാസസ്ഥാനം അവിടെയുള്ള വനിതാ സദനത്തിലേക്കു മാറ്റേണ്ടിവന്നതുകൊണ്ട്‌ അവനോടുള്ള ശണ്ഠകള്‍ എനിക്ക്‌ നഷ്ടമായി. വല്ലപ്പോഴും വിരുന്നുകാരിയായി വരുന്ന എന്നെ വഴിയോരക്കണ്ണുമായ്‌അവന്‍ കാത്തുകാത്തിരുന്നു.കൈയ്യും വീശിവരുന്ന എന്നെ അമ്മ ശകാരിച്ചു. "കുഞ്ഞ്‌, എത്രീസമായി നിന്നെ കാത്തിരിക്കുന്നു, ന്തെങ്കിലും വാങ്ങിക്കൊണ്ടു വന്നൂടെ അവന്‌.."? പിന്നീടെപ്പോഴും ഓരോപൊതിക്കെട്ടുകള്‍ എന്റെ അനിയന്‍ തിമ്മനുവേണ്ടി ഞാന്‍ കരുതി. തന്മൂലം ബാഗ്‌ തപ്പുക എന്ന ദുശീലത്തിനും അവന്‍ ഉടമയായി. ഇതിനൊക്കെ പ്രതിഫലമായി എന്റെ മിഡി,ടോപ്പ്‌ തുടങ്ങിയവ അവനെക്കൊണ്ട്‌ കഴുകിക്കുകയും ഇസ്തിരി ഇടുവിക്കുകയും ചെയ്തു.(അവനവനന്റെ ജോലി അവനവന്‍ ചെയ്യുക എന്നതായിരുന്നു വീട്ടിലെ അലിഖിതനിയമം).
ഉപരിപഠനാര്‍ഥം കൂടുവിട്ട്‌ കൂടുമാറിയ ഞാന്‍ കൂടുതല്‍ വടക്കോട്ടുപോയി. അവനാകട്ടെ തെക്കോട്ടും. യാത്ര സുഗമവും സുന്ദരവുമാക്കാന്‍ ഞാന്‍ പൊക്കണാംകെട്ടുകളുടെ എണ്ണം കുറച്ചു. തന്മൂലം "കഴുകുവാനുള്ളവ" എന്ന വര്‍ഗ്ഗം എന്റെ പൊക്കണാം കെട്ടുകളില്‍ ഇല്ലാതായി.പോരാത്തതിന്‌ അവനും ഇപ്പൊ ഒരു വിരുന്നുകാരന്‍; പത്രാസുകാരന്‍.
ഇന്നലെ അവന്‍ എന്നെ വിളിച്ചിരുന്നു."ടീ, എനിക്കെന്താ കൊണ്ട്വരാ"?, നിനക്കാകെ ഒരാങ്ങളേ ഉള്ളൂട്ടോ!" വളര്‍ന്ന് മുട്ടാളനായെങ്കിലും അവനെന്റെയാ പഴയ ബാഗ്‌ തപ്പി തന്നെ. എന്തെങ്കിലും വാങ്ങണം അവന്‌. പോട്ടോം പിടിക്കാന്‍ പോവാന്‍ അവന്റെ ബൈക്ക്‌ നേരത്തെ തന്നെ ബുക്ക്‌ ചെയ്തിട്ടുള്ളതാ.
"കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം" എന്ന് എന്റെ അനിയനെ പറ്റി ഞാന്‍ പറയൂലാാാ.കാരണം എനിക്കവനെ ഒരുപാട്‌ ഇഷ്ടമാണ്‌.

Sunday, May 07, 2006

താമര


രണ്ടു നാലുദിവസം മുമ്പാണ്‌. തിരക്കു കുറവായിരുന്ന ഒരു ദിവസം, എന്റെ മുറിയുടെ വാതില്‍ തുറന്ന് Sr. നിരഞ്ജന പറഞ്ഞു.
"മാഡം, ഒരു എമെര്‍ജെന്‍സി കേസ്‌ വന്നിട്ടുണ്ട്‌".
വിരസതയുടെ ആലസ്യത്തില്‍ നിന്ന് കര്‍മ്മനിരതയായി വേഗം കാഷ്വാലിറ്റിയിലേക്ക്‌.
ഭിത്തിയുടെ ഓരം ചേര്‍ന്നുള്ള ആ കട്ടിലില്‍ വാടിയ താമരത്താരു പോലെ അവള്‍, താമര. പാതിയടഞ്ഞ മിഴികളില്‍ കൃഷ്ണമണികളുടെ നേര്‍ത്ത സഞ്ചാരം. പ്രജ്ഞയറ്റ അവളുടെ നെഞ്ചില്‍ സ്റ്റെത്ത്‌ അമര്‍ത്തുമ്പോള്‍ ചോദിച്ചു,
"ആരാ കൂടെ?"
"ചേച്ചിയാണ്‌" ഏകദേശം 30 വയസ്സുള്ള യുവതി നീങ്ങിനിന്നു.
"എന്തേ പറ്റീത്‌?"
അന്യദേശത്തെ ഈ കുഗ്രാമത്തില്‍ പെട്ടെന്ന് മലയാളത്തിലുള്ള ചോദ്യം കേട്ടു രാധ അമ്പരന്നു. ഒരു പിടിവള്ളി കിട്ടിയ ആശ്വാസം ആ മുഖത്ത്‌ കാണായി.
"കാലത്തു മോളെ കളിപ്പിച്ചോണ്ടിരിക്കയാരുന്നു, താമര. പെട്ടെന്നു വെള്ളം ചോദിച്ചു കുഴങ്ങിവീണു. കൂടുതല്‍ ഒന്നും അറിയില്ല. എന്താന്റെ കുട്ടിക്കു മാഡം?".
പരിഭ്രാന്തമായിരുന്നു ആ സ്വരം.
"ഒന്നും പറയാറായിട്ടില്ല ഇപ്പോള്‍" ഞാന്‍ പറഞ്ഞു.
"ഈശ്വരാ എന്തു ചെയ്യും, ഹൌസ്‌ സര്‍ജന്‍സി കഴിഞ്ഞ്‌ ആദ്യ പോസ്റ്റിംഗ്‌ ആണിവിടെ, വെള്ളിയാഴ്ച ആയതുകൊണ്ടു സീനിയര്‍ ഡോക്ടര്‍മാരൊക്കെ നേരത്തെ പോയിക്കഴിഞ്ഞു. ഇതു വല്ല പൊല്ലാപ്പും ആകുമോ?"സകല ദൈവങ്ങളേയും വിളിച്ച്‌ പ്രാര്‍ത്ഥിച്ചു.
"ഈശ്വരാ, ആപത്തൊന്നും വരുത്തല്ലെ".
ആദ്യം പ്രെഷര്‍ നോക്കി, ഭാഗ്യം, നോര്‍മല്‍ ആണു, ഇനി പേടിക്കാനില്ല.
ഗ്ലുക്കോസും ഓക്സിജനും കൊടുക്കാന്‍ നിരഞ്ജന സിസ്റ്ററെ ഏര്‍പ്പാടാക്കി ഡ്യുട്ടി റൂമിലെക്കു തിരിച്ചു നടന്നു.അപ്പോള്‍ വീട്ടില്‍ തനിച്ചായ അമ്മ മാത്രമായിരുന്നു മനസ്സില്‍. അമ്മക്ക്‌ നല്ല സുഖമില്ല, പ്രെഷര്‍ ഇത്തിരി കൂടുതലാണ്‌. രാവിലെ ഓടിപ്പോരുമ്പോള്‍ അമ്മയെ ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ല. ഒന്നു രസം പറയാനോ സംസാരിച്ചു സമയം കളയാനോ ഈ മറുനാട്ടില്‍ ഭാഷയറിയാത്ത അമ്മക്കെങ്ങനെയാ കഴിയുക, ഓര്‍ത്തങ്ങനെയിരിക്കുമ്പോള്‍ വാതിലില്‍ രാധ.
"മാഡം, ഒന്നും പറഞ്ഞില്ല"
"ഹെയ്‌, താമരക്കൊന്നുല്ല"
ഞാന്‍ പറഞ്ഞതു വിശ്വസം വരാത്ത പോലെ തോന്നി രാധക്ക്‌
" ഒന്നുല്ല, ടെന്‍ഷന്‍ കൂടുന്നത്‌ കൊണ്ടുണ്ടാവുന്ന ഒരു അസ്കിത, പേടിക്കാനൊന്നൂല്ല, ടെന്‍ഷന്‍ കൂടുമ്പൊ അതു നമ്മുടെ തലച്ചോറിനെ ബാധിക്കും. ശ്രദ്ധിക്കാതെയിരുന്നാല്‍ അപസ്മാരം ആയീന്നുവരും. അധികം ടെന്‍ഷന്‍ അടിക്കാതെ നോക്കിയാല്‍ മതി. ഇതിനു മുന്നെ വന്നിട്ടുണ്ടൊ, താമരക്കിങ്ങനെ?"
"ഇല്ല, ഇതാദ്യം"
" ഞാന്‍ ടെന്‍ഷന്‍ കുറക്കാനുള്ള ടാബ്‌ലെറ്റ്‌ എഴുതിതരാം"
"ഇന്നെന്തായാലും ഒബ്‌സര്‍വേഷനില്‍ ഇരിയ്ക്കട്ടെ, രണ്ട്‌ കുപ്പി ഗ്ലൂക്കോസ്‌ കൂടി എടുക്കാം"
"ശരി, മാഡം".
ഉച്ചയായി താമര മോഹാലസ്യം വിട്ട്‌ ഉണര്‍ന്നപ്പോള്‍. ഓര്‍ക്കാപ്പുറത്തു മറ്റൊരു മലയാള സ്വരം കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിസ്മയം കൊണ്ടു വിടര്‍ന്നു. പിറ്റേന്ന് വൈകുന്നേരം ഡിസ്ചാര്‍ജ്ജ്‌ ചെയ്യുമ്പോള്‍ താമര കാണാന്‍ വന്നു.
"മാഡം, എനിക്കെന്താണ്‌ അസുഖം?"
"എടോ, തനിക്കൊരു അസുഖവുമില്ല" രാധയോടു പറഞ്ഞതു തന്നെ ഞാന്‍ ആവര്‍ത്തിച്ചു. പെട്ടെന്നു താമരയുടെ കണ്ണുനിറഞ്ഞു.
"എന്താ, കുട്ടി, എന്താ പറ്റിയെ?"
കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി കൊണ്ടു നടക്കുന്ന മനൊ:വ്യാപാരങ്ങള്‍ താമര എനിക്കു മുന്നില്‍ തുറന്നു വച്ചു.
* * * * * *
ഞാന്‍ താമര, അച്‌ഛന്റെ കയ്യും പിടിച്ച്‌ പൂരം കാണാന്‍ പോയതും കടലാസു കുമ്പിളില്‍ ഇളം ചൂടോടെ കടല കൊറിച്ചതും എന്റെ ഓര്‍മയിലില്ല. അങ്ങനെയൊരു ബാല്യം എനിക്കുണ്ടായിട്ടു തന്നെയില്ല. ഓല കെട്ടിമറച്ച രണ്ടു മുറികളായിരുന്നു എന്റെ വീട്‌. അമ്മ കൂലിപ്പണിക്കു പോയിരുന്നതുകൊണ്ടു ഞാനും ചേച്ചിയും അല്ലലില്ലാതെ വളര്‍ന്നു. കൌമാരം മായും മുമ്പെ ഉള്ള പറമ്പുവിറ്റും കടം വാങ്ങിയും ചേച്ചിയെ കല്യാണം കഴിപ്പിച്ചയച്ചതു എനിക്കും അമ്മക്കും ഇനിയുള്ള ജീവിതത്തിനു അത്താണിയാകുമെന്നുകൂടി കരുതിയിട്ടാണ്‌. നമ്മുടെ കണക്കുകൂട്ടലുകളല്ലല്ലോ ദൈവം നടപ്പാക്കുന്നത്‌. കല്യാണത്തിനു ശേഷം ചേട്ടന്‍ വീട്ടിലേക്കു വന്നിട്ടേയില്ല, ചേച്ചിയെ അയച്ചതുമില്ല. നാള്‍ക്കുനാള്‍ പെരുകിവന്ന കടവും, ക്ഷയിച്ചു വന്ന അമ്മയുടെ ആരോഗ്യവും 15 വയസ്സില്‍ എന്നെ കൂലിപ്പണിക്കാരിയാക്കി. മംഗല്യസൂത്രമെന്ന മഹാഭാഗ്യത്തില്‍ ചേച്ചി രക്തബന്ധം തന്നെ മറന്ന മട്ടായി. കല്യാണത്തിനു ശേഷം ചേച്ചി വീട്ടില്‍ വരുന്നത്‌ പ്രസവത്തിനാണ്‌. ഭാരിച്ച ചെലവുകള്‍ക്ക്‌ ചേട്ടന്‍ പുറം തിരിഞ്ഞപ്പോള്‍ ചേച്ചിയുടെ ഉത്തരവാദിത്വം കൂടി എന്റെ ചുമലിലായി. വീട്ടുചെലവുകളുടെ അറ്റം കൂട്ടിമുട്ടിക്കാന്‍ ഞാന്‍ നന്നേ ബുദ്ധിമുട്ടി.
കഷ്ടപ്പാടും ആധിയും വ്യഥയും എന്നെ മറ്റൊരാളാക്കി. ഇരുപതുകള്‍ താണ്ടാതെ തന്നെ എണ്‍പതുകളുടെ പക്വതയുണ്ടായി എനിക്ക്‌. ജീവിതം കുറെക്കൂടി പ്രായോഗികതയോടെ കാണാന്‍ ഞാന്‍ പഠിച്ചു. പക്ഷെ, ഒരിയ്ക്കല്‍ പണിസ്ഥലത്തു തലകറങ്ങി വീണതോടെ കൂലിപ്പണിക്ക്‌ പോകാന്‍ ധൈര്യമില്ലാതായി. കൂടുതല്‍ വിഷമിപ്പിക്കാതിരിക്കാന്‍ അമ്മയോടീകാര്യം ഞാന്‍ മറച്ചു വച്ചു. അങ്ങനെയിരിക്കുമ്പോഴാണ്‌ രാധേച്ചിയെ ഞാന്‍ പരിചയപ്പെടുന്നത്‌. അടുത്തുള്ള സ്വകാര്യ സ്ക്കൂളിലെ അധ്യാപികയായ രാധേച്ചിക്ക്‌ ഞാനൊരു സഹായമായി. ക്രമേണ അതൊരു ഹൃദയബന്ധമായി വളരുകയും ചെയ്തു.
രാധേച്ചിയുമായുള്ള കൂട്ടുകെട്ടു സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാന്‍ എന്നെ സഹായിച്ചു. ഭര്‍ത്താവ്‌ മരുഭൂമിയില്‍ പൊന്നു തേടി പോയപ്പോള്‍ നാട്ടില്‍ തനിച്ചായ രാധേച്ചിക്ക്‌ ഞാന്‍ അനിയത്തി തന്നെയായി.
എന്റെ കൊച്ചു ജീവിതത്തിലേക്കു വര്‍ണങ്ങള്‍ തിരിച്ചു വന്നു. പൊട്ടിച്ചിരിക്കുന്ന കുപ്പിവളകളെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. എന്റെ സ്വപ്നങ്ങള്‍ കൂടുതല്‍ നിറമുള്ളതും മിഴിവുള്ളതുമായി. സ്വപ്നങ്ങള്‍ക്ക്‌ ആയിടെ പരിചയപ്പെട്ട ബാബു ചായം ചാലിച്ചുകൊണ്ടേയിരുന്നു. ജീവിതത്തിനു അര്‍ത്ഥവും വ്യാപ്തിയും ലക്ഷ്യവുമുണ്ടായി. കേന്ദ്രീയവിദ്യാലയത്തില്‍ ജോലികിട്ടി രാധേച്ചി മറുനാട്ടിലേക്കു ചേക്കേറിയപ്പോള്‍ കുട്ടിയെ നോക്കാന്‍ ഞാനും ഒപ്പം കൂടി.
വിരഹം പ്രണയാമൃതത്തിനു കയ്പ്പോ മധുരമോ ഒക്കെ കൂട്ടിയപ്പോള്‍ വിവാഹമെന്ന ജീവിത വഴിത്തിരിവിനെ പറ്റി ഞങ്ങള്‍ ചിന്തിച്ചുതുടങ്ങി. ഭാവി ശ്വശ്രുക്കളുടെ സ്ത്രീധനമോഹം എന്റെ മംഗല്യ സ്വപ്നങ്ങളുടെമേല്‍ കരിനിഴല്‍ വീഴ്‌ത്തി. സ്നേഹത്തിന്റെ കെട്ടുറപ്പില്‍ ആ അതിര്‍വരമ്പു കടക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. പക്ഷേ, ചേച്ചിയും ചേട്ടനും ഇനിയുമൊന്നും പറഞ്ഞിട്ടില്ല. പെരുകി വന്ന കടങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ട്‌. ജോത്സ്യം, സ്ത്രീധനം എന്നീ അപസ്വരങ്ങള്‍ പിറുപിറുക്കലുകളായി എനിക്കു ചുറ്റും കോമരം തുള്ളുന്നു. ഈ കാര്യത്തിലെങ്കിലും ചേട്ടന്‍ നല്ല മനസ്സു കാണിച്ചില്ലെങ്കില്‍, ചൂണ്ടിക്കാണിക്കാന്‍ ബന്ധുക്കള്‍ പോലുമില്ലാതെ ഞാന്‍... വീണ്ടും എന്റെ കണ്ണു നിറയുന്നു. വീട്ടിലൊറ്റക്കാവുന്ന സമയം പേര്‍ത്തും പേര്‍ത്തും ഞാന്‍ ഇതിനെ പറ്റി ചിന്തിച്ചു പോകുന്നു. എതിര്‍പ്പുകളെ അതിജീവിക്കനുള്ള കരുത്തും ചോര്‍ന്നു പോകുന്നു.
ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലെ ചാരുബഞ്ചില്‍ കുഞ്ഞുവാവയെ കാത്തിരുന്ന ആ പതിനാറുകാരിയുടെ മുഖം എന്റെ മനസ്സില്‍ തെളിയുന്നു. സിസേറിയന്‍ വേണ്ടിവന്നേക്കാമെന്ന അറിയിപ്പ്‌ വന്നപ്പോള്‍ പാതിരാ നേരം വക വെക്കാതെ ആശുപത്രിക്കവലയില്‍ ഏകയായി ബ്ലഡ്‌ ബാങ്കുകള്‍ അന്വേഷിച്ചു നടന്ന ഞാന്‍, കുട്ടിയുടെ പേരിടീലും ചടങ്ങുകളും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ നടത്തിക്കൊടുക്കാന്‍ കഴിഞ്ഞ ഞാന്‍.... എന്റെ മനോ:ബലം എവിടെയാണാവോ ചോര്‍ന്നു പോയത്‌?
* * * * * *
താമരയെ ആശ്വസിപ്പിച്ച്‌ ധൈര്യം പകര്‍ന്ന് ക്ലിനിക്കില്‍ നിന്നിറങ്ങുമ്പോള്‍ 5.30. വീട്ടിലൊരാള്‍ കാത്തിരിക്കുന്നുണ്ട്‌. എന്നെ കുറിച്ചുള്ള പ്രതീക്ഷകളും നൊമ്പരങ്ങളും ഉള്ളിലൊതുക്കി ആരോടും പരിഭവമോ പരാതിയോ പറയാതെ. ഇന്നെങ്കിലും എന്റെ അമ്മയോട്‌ എനിക്കു കുറെ സംസാരിക്കണം. ആ മടിയില്‍ കിടന്ന് കുട്ടിക്കാലത്തെ പോലെ കൊഞ്ചണം ഈ തത്തക്കിളിക്ക്‌. വേറൊന്നിനുമല്ല, അമ്മയുടെ പൊന്നുമോള്‍ അമ്മയെ മറന്നിട്ടില്ലെന്നു കാണിക്കാന്‍. ഇത്രയും മതിയാവില്ലേ അമ്മയുടെ അസുഖങ്ങള്‍ പമ്പ കടക്കാന്‍.