അയലത്തെ വീട്ടിലെ പനിമരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്ത്തകന് അവളുടെ വീട്ടിലെത്തിയത് തികച്ചും യാദൃശ്ചികം. മതിലിന്നപ്പുറം കണ്ട ആ പരിചിത മുഖം അവള്‍ക്ക് എന്നോ നഷ്ടമായ മങ്ങാത്ത സൌഹൃദത്തിന്റെ മനുഷ്യാകാരമായിരുന്നു. പ്രവാസിയായ ഭര്‍ത്താവും വിദ്യാര്‍ത്ഥികളായ മക്കളും തീര്‍ത്തുവച്ച ഏകാന്തതയുടെ തടവിലേക്ക് അല്പനേരം അയാളെ ക്ഷണിച്ചത് ആ സൌഹൃദത്തിന്റെ സുരക്ഷിതത്വത്തിന്മേലുള്ള വിശ്വാസമാണ്. നാലുചുവരുകള്‍ക്കുള്ളില്‍ ഏകയായ പെണ്ണിന്റെ സാമീപ്യം അയാളിലെ മൃഗതൃഷ്ണകള്‍ക്ക് ജീവന് പകര്‍ന്നപ്പോള്‍ പേലവഹസ്തങ്ങള്‍ കാരിരുമ്പിന്റെ കരുത്താര്‍ജ്ജിക്കുകയും അവ അയാളുടെ ഇടത് കവിളില്‍ ചെന്നിണമാര്‍ന്ന കൈപ്പത്തി മുദ്രവെക്കുകയും ചെയ്തു.തിരിഞ്ഞ് നോക്കാതെ അയാള്‍ പടികടന്നപ്പോള്‍ അവളുടെ മിഴിയിണകളില്‍ കണ്ണീര്‍മുത്തുകള്‍ ഉരുണ്ടുകൂടിയത് ഒരു വിശ്വാസത്തകര്‍ച്ചയുടെ നൊമ്പരമായാണ്.എന്നാല്‍ തൊട്ടടുത്തദിവസത്തെ പത്രത്തില്‍ “സ്ത്രീകളുടെ ഫോണുകളില്‍ ശല്യകോളുകളുടെ പ്രവാഹം” എന്ന തലക്കെട്ടില്‍ ഇതേ റിപ്പോര്‍ട്ടര്‍ കൊടുത്ത വാര്‍ത്ത കണ്ട് അവളുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി പടര്‍ന്നു.
വാര്‍ത്ത ഇങ്ങനെ തുടരുന്നു. മൊബൈല്‍ ഫോണില്‍ വിളിച്ച് പെണ്‍കുട്ടികളേയും വീട്ടമ്മമാരേയും ശല്യം ചെയ്യുന്ന യുവാക്കളുടെ എണ്ണം പെരുകുന്നു. ഏതെങ്കിലും നമ്പറുകളിലേക്ക് മിസ്സ്ഡ് കോള്‍ അടിക്കുന്ന സംഘം സ്വീകര്‍ത്താവ് തിരിച്ചുവിളിക്കുന്നതോടെ` പ്രവര്‍ത്തന നിരതമാവുന്നു. തിരിച്ചു വിളിക്കുന്നത് സ്ത്രീകളാണെങ്കില്‍ ഇടയ്ക്കിടെ വിളിച്ച് ശല്യം ചെയ്യലാണ് ഇവരുടെ പതിവ്. ഗൃഹനാഥന് വിദേശത്തുള്ള സ്ത്രീകളെ കണ്ടെത്തി അവരുടെ വീട്ടിലെ നമ്പര്‍ തപ്പിപിടിച്ച് വിളിക്കുന്ന ഈ വിരുതന്മാര് അസഭ്യം പറയുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്യുന്നതിനാല്‍ പലരും പരാതിപ്പെടാന്‍പോലും ബുദ്ധിമുട്ടുകയാണ്. ഇത്തരക്കാരുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നു.