Wednesday, July 14, 2010

അച്ഛാ, അങ്ങ് ഇന്ന് എന്നിലെ അരക്ഷിതത്വമാണ്


സന്ധ്യമയങ്ങിയിട്ടും മഴ തോര്‍ന്നിരുന്നില്ല,കാലവര്‍ഷത്തിന്റെ കാര്‍ക്കശ്യത്തില്‍ ഗ്രാമം മുഴുവന്‍ ഇരുളിലാഴ്ന്നിരുന്നു.കാട്ടു ചീവീടുകളുടെ നാദവീചികള്‍ വരാനിരിക്കുന്ന പേമാരിയുടെ മുന്നൊരുക്കമായി.മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ആപേക്ഷിക സിദ്ധാന്തതിനോടൂം ന്യൂട്ടന്റെ ചലന നിയമങ്ങളോടും പോരടീക്കെ മകള്‍ ഉറക്കെ പ്രഖ്യാപിച്ചു.


“ഞാന്‍ ഈ പരീക്ഷ എഴുതുന്നില്ല, എനിയ്ക്കോന്നും അറിയില്ല, ഞാനൊന്നും പഠിച്ചിട്ടില്ല”


അടുക്കളയില്‍ കലപിലകൂട്ടുന്ന പാത്രങ്ങളോട് സല്ലപിച്ചിരിക്കുന്ന സ്ത്രീ രൂപത്തെ ആ മുറിയിലേക്കുന്തിനീക്കാന്‍ തക്കവണ്ണം കരുത്ത് ആ ശബ്ദത്തിനുണ്ടെന്ന് അവളും നിരീച്ചിരുന്നില്ല.


“അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ, അച്ഛന്‍ സ്വപ്നത്തില്‍ കണ്ടതാ നീയൊരു എഞ്ചിനീയറായെന്ന്. എന്‍ട്രന്‍സ് എഴുതാതെ എങ്ങെനെയാ”

“അച്ഛനു വെറുതെ സ്വപ്നം കണ്ടാല്‍ മതിയല്ലോ” മകളുടെ ആത്മഗതം പുറത്തു വന്നില്ല.

“എല്ലാ കുട്ടികളും പരീക്ഷയെഴുതുമ്പോള്‍ ഞാന്‍ അവരെ നോക്കി വെറുതെ ഇരിക്കേണ്ടിവരും”


അവളുടെ കണ്‍തടങ്ങളീല്‍ ഒരു നീര്‍ത്തുള്ളീ ഊറിക്കൂടി.

“സമ്മതിച്ചു. പരീക്ഷ എഴുതണ്ടാ, നാളെ ഇവിടെ ഉണ്ടാവരുത്. ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ പൊയ്ക്കോ.അല്ലെങ്കില്‍ എന്നോടാരിയ്ക്കും കലിപ്പു തീര്‍ക്കുന്നത്”.


“ഉം....” തീരുമാനത്തിന്റെ ദൃഢത ഒരു മൂളലിലൊതുങ്ങി.


കാലത്ത് അഞ്ചരയ്ക്കുതന്നെ അച്ഛന്റെ അടിവെയ്പുകളെ സ്വന്തം പാദങ്ങള്‍ കൊണ്ടളന്ന് നാല്‍ക്കവലയിലെത്തുമ്പോഴും അവള്‍ക്കു വഴികാട്ടിയായത് അച്ഛന്റെ ആത്മവിശ്വാസം നിറഞ്ഞ ചിരിയാണ്.


“ഹോ! ഇന്നലെ എന്നാ ഒരു മഴയാരുന്നു. ഞള്ളൂ പാലം ഒഴുകിപ്പോയി. വണ്ടിയൊന്നും പോവില്ല. നമ്മടെ നാട് ഒറ്റപ്പെട്ടെന്നു പറഞ്ഞാ മതിയല്ലോ” വാക്കുകള്‍ ചിതറിവീണത് പാലുകച്ചവടക്കാരന്‍ അന്ത്രുവില്‍ നിന്നാണ്.

നിര്‍ബന്ധിച്ചു ചെയ്യിക്കുന്ന കാര്യത്തില്‍ നിന്നും രക്ഷപ്പെട്ട നിര്‍വൃതി മകളുടെ മുഖത്തൊഴുകി വന്നു.

“ഈ സാറിതെന്തു ഭാവിച്ചാ? പിള്ളാരുടെ ഭാവി വെച്ചാ കളിക്കുന്നത്. തണ്ണിത്തോടിനെ സാര്‍ അറിയാത്തതൊന്നുമല്ലല്ലോ. കൊച്ചിനെ നേരത്തെ കാലത്തേ പത്തനംതിട്ടയിലെത്തിക്കേണ്ടതിനു പകരം...” ആത്മരോഷം ഉയര്‍ന്നു പൊങ്ങിയത് പത്തനംതിട്ടയില്‍ ജോലിചെയ്യുന്ന P.W.D.ജീവനക്കാരി സാറാമ്മയില്‍ നിന്നാണ്. അച്ഛന്റെ മുഖത്തെ ചിരിയ്ക്ക് ഒരു മാറ്റവും വരുത്താന്‍ ആ അത്മരോഷത്തിനും കഴിഞ്ഞില്ല


കാട്ടുവഴിയിലൂടെ പത്തനംതിട്ടയ്ക്കുപോകാന്‍ തയ്യാറായി വന്ന ജീപ്പില്‍ കരുതലോടെ മകളെയിരുത്തു കയ്യില്‍ ചുരുട്ടിപ്പിടിച്ച നൂറുരൂപാനോട്ട് മകള്‍ക്കുനേരെ നീട്ടി ശബ്ദം താഴ്ത്തി അച്ഛന്‍ പറഞ്ഞു.


“ഉച്ചയ്ക്ക് വിശക്കുമ്പോള്‍ കുഞ്ഞുമോന്റെ കടയില്‍ പോകണം. അവനോട് ഹോട്ടലീന്ന് ഭക്ഷണം വാങ്ങിത്തരാന്‍ പറയണം. വീട്ടിലെ അവസ്ഥ നിനക്ക്ക്കറിയാമല്ലോ, എനിക്ക് വരാന്‍ പറ്റാഞ്ഞിട്ടാ...”


നിലയ്ക്കാത്ത ഇടവപ്പാതി കൊച്ചച്ചന്റെ ചെറിയ കടയേയും വെള്ളത്തിലാഴ്ത്തിയപ്പോള്‍ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമില്ലാതെ മകള്‍ പരീക്ഷ എഴുതി.വിജയം കൈവരിയ്ക്കുകയും ചെയ്തു.


വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പരിദേവനം അച്ഛനില്‍ നിന്നുതിര്‍ന്നുവീണു.

“എന്റെ മക്കളെ ഞാന്‍ പഠിപ്പിച്ചു. ന്നിട്ടും അവര്‍ ഇംഗ്ലീഷ് പറയുന്നത് കേള്‍ക്കാന്‍ എനിക്ക് യോഗമില്ലല്ലോ”

പട്ടിണിയും പരിവട്ടവും വിദ്യാഭ്യാസത്തിന്റെ പരിമിതി പത്താം ക്ലാസില്‍ ഒതുക്കേണ്ടി വന്ന ഒരു പ്രാരബ്ധ്ക്കാരന്റെ മനോവ്യാപാരമായിരുന്നു അത്.


ഇന്ന് നീലാകാശത്ത് ഏറ്റവും പ്രകാശമുള്ള ഒറ്റപ്പെട്ടുനില്‍ക്കുന്ന ആ നക്ഷത്രത്തെ നാഴികകളോളം ഞാന്‍ നോക്കി നില്‍ക്കും. അച്ഛന്റെ മകള്‍ അങ്ങാഗ്രഹിച്ച അതേ വിദ്യാഭ്യാസസ്ഥാപനത്തില്‍ അധ്യാപിക ആയിരിക്കുന്നുവെന്നും സാമാന്യം തെറ്റില്ലാതെ ആംഗലേയം സംസാരിയ്ക്കാന്‍ പഠിച്ചെന്നും എനിക്കങ്ങയോട് പറയണം.അങ്ങുപിരിയുമ്പോള്‍ എനിയ്ക്ക് നഷ്ടമായത് ഉണര്‍ത്തുപാട്ടും വൈകുന്നേരങ്ങളില്‍ പൊതിക്കടലകളുമായെത്തുന്ന ഉറവ വറ്റാത്ത സ്നേഹമായിരുന്നെന്നും എനിയ്ക്കങ്ങയെ ഓര്‍മപ്പെടുത്തണം. ആഘോഷങ്ങള്‍ ആര്‍ത്തലച്ചു കടന്നുപോകുമ്പോള്‍ മത്താപ്പും കമ്പിത്തിരിയും മാലപ്പടക്കവും വാങ്ങാന്‍ പോയ അച്ഛനെ കാത്ത് കാത്ത് തത്തക്കുട്ടി നിസംഗയായിപ്പോയെന്ന് എനിയ്ക്കങ്ങയോട് പരിഭവിയ്ക്കണം. മകള്‍ ഉദ്യോഗസ്ഥയായതിന്റെ സന്തോഷം കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പകുത്ത് നല്‍കാന്‍ കാത്തു നില്‍ക്കാതെ, മാലാഖമാരുടെ മഞ്ചലിലേറി മറ്റൊരു ലോകത്തേക്ക് പലായനം ചെയ്തത് എന്തിനാണെന്ന് എനിയ്ക്കങ്ങയോട് പരാതിപ്പെടണം. കാരണം അങ്ങ് ഞങ്ങളെ വേര്‍പിരിഞ്ഞിട്ട് ഇന്നേയ്ക്ക് എട്ടുവര്‍ഷം തികയുന്നു.

പ്രിയപ്പെട്ട അച്ഛാ, അങ്ങ് ഇന്ന് എന്നിലെ അരക്ഷിതത്വമാണ്

Friday, April 23, 2010

തീപ്പൊട്ടന്‍


ഏറെ നാളുകള്‍ക്ക് ശേഷം ഒരു മലയാള നാടകം കാണാന്‍ ഭാഗ്യമുണ്ടായത് തീപ്പൊട്ടനിലൂടെയാണ്`.കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബലിയാടാക്കപ്പെടുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിസ്സഹായതയിലാണ് കോഴിക്കോട് സങ്കീര്‍ത്തനയുടെ തീപ്പൊട്ടന്‍ ഉയിര്‍കൊള്ളുന്നത്.വാഴുന്നവരുടെ ആശയ്ക്കും ആവശ്യത്തിനും ബലികഴിയ്ക്കപ്പെടുന്നത് അധകൃതന്റെ (പാവപ്പെട്ടവന്റെ) ജീവിതമാണെന്ന്, കൊല്ലുന്നവനും കൊല്ലിക്കുന്നവനും ജീവിതം എന്താണെന്ന് അറിയുന്നില്ലെന്ന്, അന്‍പതാണ്ടുകളായി തീപ്പൊട്ടന് കെട്ടിയാടുന്ന അനുഷ്ഠാനകലാകാരന്റെ ആഹ്വാനമാണ് തീപ്പൊട്ടന്റെ മുഖവുര. ഇവിടെ നിന്ന് തീപ്പൊട്ടന്‍ എന്ന തെയ്യം കഥയിലേക്ക്, നാടകത്തിന്റെ തിരശ്ശീല തെന്നിമാറുന്നു.

ബ്രാഹ്മണമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ അടിമയാണ്` അലങ്കാരന്‍. കാണരുതാത്തത് കാണുകയും കേള്ക്ക്രുതാത്തത് കേള്‍ക്കുകയും ചെയ്തകുറ്റത്തിന് അലങ്കാരന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടുകയും ചെവി മുറിച്ച്നീക്കപ്പെടുകയും ചെയ്തു. അറിവ് നേടിയതിനും കണ്ടതും കേട്ടതുമായ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞതിനും വരേണ്യ വര്‍ഗ്ഗം അലങ്കാരനു സമ്മാനിച്ച പരിഹാസനാമമാണ് ‘പൊട്ടന്‍‘. ത്രികാലജ്ജ്നാനിയായ പൊട്ടന്റെ മന്ത്രസിദ്ധികള്‍ അവനെ മാനായും നരിയായും രുപാന്തരം ചെയ്യിച്ചു. അലങ്കാരന്റെ സഹായിച്ച സുഹൃത്ത് കണാദന്‍ ആണും പെണ്ണും കെട്ടവനായി ജീവിക്കണം എന്നാണ് വരേണ്യ വര്ഗ്ഗം കല്പിച്ചത്. അലങ്കാരന്റെ സഹായിയും സഹചാരിയുമായ ഭാര്യ സുന്ദരിയും അടിസ്ഥാന വര്‍ഗ്ഗത്തെ ഉത്ബോധനം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നു.
‘ഞാളു കൊയ്യണ പുത്തരിയാണേ
ങ്ങടെ മനയ്ക്കലെ ചോറൂണ്`
ഞാളെ ചാളേല്‍ കദളിയാണേ
ങ്ങടെ ദൈവത്തിന്‍ നൈവേദ്യം’
ഈ തിരിച്ചറിവ് ഓരോ അടിമയ്ക്കുമുണ്ടാവുന്നതും അവിടെ വച്ച് തൊഴിലാളികള്‍സംഘടിതരാവാന്‍ ശ്രമിക്കുകയുമാണ്` ചെയ്യുന്നത്. തൊഴിലാളികളുടെ ഈ കൂട്ടായ്മയില്‍ കുപിതരായ തമ്പ്രാക്കന്മാര്‍ അലങ്കാരനെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നു. ആര്‍ത്തലച്ച് വെള്ളപ്പൊക്കം പോലെ വരുന്ന ശത്രുക്കളെ നേരിടാന്‍ കഴിവില്ലാത്തതിനാല്‍ തത്കാലം ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലതെന്ന് ഉപദേശിക്കുന്നത് ഭാര്യയായ സുന്ദരിയാണ്.

അടിയാളന്റെ മാംഗല്യത്തീന് മണിയറയുടെ അവകാശം വാഴുന്നോര്‍ക്ക് എന്ന പ്രാചീനവും കിരാതവുമായ ആചാരത്തെയാണ് അലങ്കാരനും കൂട്ടരും എതിര്‍ക്കുന്നത് .മംഗലം നടക്കുന്നത് വാഴുന്നോര്‍ക്ക് ചിരുതയിലുണ്ടായ അടിയാളര്‍ പെണ്ണിന്റേതാണെങ്കിലും “ഞാന്‍ നട്ട വാഴവിത്തിന്റെ കുലവെട്ടാനും അവകാശം തനിക്ക് തന്നെയാണ്` എന്ന് വാഴുന്നോര്‍ ശഠിക്കുന്നു. അലങ്കാരനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ബ്രാഹ്മണര്‍ ഊഴം വെച്ച് വധുവിനെ പ്രാപിക്കുന്നതോടെ സുന്ദരി പ്രതികാര ദുര്‍ഗ്ഗയായി മാറുന്നുണ്ടെങ്കിലും വാഴുന്നോര്‍ക്ക് മരണം സമ്മാനിക്കുന്നത് കണാദനാണ്.
അച്ഛന്റെ മരണത്തിനുത്തരവാദികളായ സുന്ദരിയേയും കണാദനെയും മകന്‍ തിരുമേനി മുതലക്കുളത്തിലേക്ക് വലിച്ചെറിയുന്നു. അലങ്കാരന്‍ അവിടെ പ്രത്യക്ഷപ്പെട്ട് സുന്ദരിയേയും കണാദനേയും രക്ഷപ്പെടുത്തുന്നു.

അവിടെവച്ച് ആര്യാംബ അന്തര്‍ജ്ജനത്തിന്റെ (ശ്രീശങ്കരന്റെ അമ്മ) മോനേ എന്ന വിളി അലങ്കാരന്റെ ചെവിയിലെത്തുന്നു.ബ്രാഹ്മണകുലത്തിലെ ആണ്കോയ്മയെ തൃണവല്ഗെണിച്ച് അമ്മയ്ക്ക് സ്ഥാനം കൊടുക്കുകയും അമ്മയ്ക്കായ് ക്ഷേത്രസമുച്ചയം നിര്‍മ്മിയ്ക്കാനൊരുങ്ങുകയും ചെയ്ത ശങ്കരാചാര്യരുടെ പ്രവര്‍ത്തി യില്‍ പ്രതിഷേധിച്ച് ആ കുടുംബത്തിന് ബ്രാഹ്മണകുലം ഭ്രഷ്ട് കല്പിച്ചിരുന്നു. അമ്മയുടെ ജഡം മറവുചെയ്യുന്നതിനും കൂടി സ്വജനങ്ങള്‍ സഹായിക്കാതിരുന്നപ്പോള്‍ അമ്മയെ ചിതയൊരുക്കി ദഹിപ്പിച്ചത് അലങ്കാരനാണ്.

ശങ്കരന്‍ ജ്ജ്നാനപീഠത്തിലേക്കുള്ള യാത്രാമദ്ധ്യേ അലങ്കാരനേയും കുടുംബത്തേയും കാണുകയുണ്ടായി. വഴിമാറി നടക്കാന്‍ ആവശ്യപ്പെട്ട ശങ്കരനോട്
‘ഇങ്ങെല്ലാം കാടല്ലോ, ഇങ്ങെല്ലാം മുള്ള്
എങ്ങനടിയന്‍ വഴിപിരിയേണ്ടൂ
ഒക്കത്ത് കുഞ്ഞീം തലയില്‍ കള്ളും
എങ്ങനടിയന്‍ വഴിപിരിയേണ്ടൂ‘ എന്ന് ചോദിക്കുന്നു.
ഈ തര്‍ക്കുത്തരത്തില്‍ കോപിതനായി ശങ്കരന്‍
“നിഭൃതന്മാരാം നിങ്ങള്
എത്രയും കുറഞ്ഞ ജാതിയിലേക്ക്
നീ തിരികെ പോ ചണ്ഡാളാ വേഗം” കയര്‍ക്കുന്നു

“നാങ്കളെ കൊത്ത്യാലും ഒന്നല്ലോ ചോര
നീങ്കളെ കൊത്ത്യാലും ഒന്നല്ലോ ചോര
അവിടേക്ക് നാങ്കളും നീങ്കളുമൊക്കും
പിന്നെന്തിനീ ചൊവ്വരേ പിശകുന്നു“ അലങ്കാരന്റൈ ഈ മറുപടി ശങ്കരന്റെ ഉള്‍ക്കണ്ണ് തുറപ്പിക്കുന്നു.


‘ഈ ചണ്ഡാളനെ ഗുരുവായി സ്വീകരിച്ച ശങ്കരന്‍ “മനീഷപഞ്ചകം” എഴുതിയത് ഈ വാഗ്വാദം മൂലമുണ്ടായ ദര്‍ശനത്തില്‍ നിന്നാണത്രേ. പൊട്ടന്‍ കൈലാസ നാഥന്റെ അവതാരമാണെന്നും പറയപ്പെടുന്നു.

അലങ്കാര നിര്‍മ്മാര്‍ജ്ജനം ആസന്നലക്ഷ്യമായിക്കണ്ട ബ്രാഹ്മണ്യം അലങ്കാരന്റെ ബന്ധുക്കള്‍ക്ക് പൊന്‍പണം വാഗ്ദാനം ചെയ്ത്, ഒളിവിലായിരുന്ന അലങ്കാരനെ പീടികൂടുന്നു. തദവസരത്തില്‍ സുഹ്രുത്തായ കണാദനോട് തന്റെ കാലുകള്‍ ഛേദിക്കപ്പെടേണ്ടതു നിന്റെ കൈയ്യുകളാലണെന്ന് അലങ്കാരന് പറയുന്നു. ഗളഛേദം നടത്തേണ്ടത് ഭാര്യ സുന്ദരിയായിരിക്കണമെന്ന് അലങ്കാരന്‍ ഉത്തരവിടുന്നു. അലങ്കാരന്റെ വീരമൃത്യുവിനുശേഷം ശാപം കിട്ടിയ ബ്രാഹ്മണകുലം അലങ്കാരനെന്ന തീപ്പൊട്ടനെ ഇല്ലത്തേക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും അലങ്കാരന്‍ പോകുന്നില്ല. പ്രപഞ്ചശക്തികള്‍ വരുതിയിലുള്ള പൊട്ടന്റെ ഭാഷ തീ ആയതിനാലാണ് തീപ്പൊട്ടന്‍ എന്ന പേരു വന്നത്. ചുറ്റും കനലെരിയുമ്പോഴും ഈ പൊട്ടന് കുളിരാണ്.
തച്ചുടയ്ക്കപ്പെട്ടെന്ന് നാം വിശ്വസിക്കുന്നുണ്ടെങ്കിലും ജാതീയത അതിന്റെ മൂര്‍ത്ത ഭാവത്തില്‍ തന്നെ സമൂഹത്തില്‍ നടമാടുന്നുണ്ട്. അര്‍ത്ഥവും അധികാരവും അലങ്കാരമാക്കിയവരുടെ ചിന്താഗതികള്‍ക്കനുസൃതമാണ് ലോകത്തിന്റെ നീതിയും നിയമവും. സ്വന്തം ചോരയില്‍ പിറന്ന മകളെ ബലാല്ക്കാരം ചെയ്യാനുറയ്ക്കുന്ന ബ്രാഹ്മണ്യ്യം തന്നെയാണ് നാടിന്റെ ശാപം. ഭാര്യയെ അമ്മേയെന്ന് സകല ബഹുമാനങ്ങളോടുകൂടി വിളിക്കുന്ന തീപ്പൊട്ടന്മാര്‍ പരിഷ്കൃത സമൂഹത്തിനും പൊട്ടന്മാര്‍ തന്നെയാണ്. അവരോ എണ്ണത്തില് വളരെ കുറവും. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ചോദനകള്‍ ഉള്‍ക്കൊള്ളാന്‍ തീപ്പൊട്ടന്‍ കൊളുത്തിയ നൈതികതയുടെ ഇത്തിരിവെട്ടം നമുക്ക ഹൃത്തടത്തില്‍ സൂക്ഷിച്ച് വെക്കാം. കാലത്തിനപ്പുറത്ത് നിന്ന് വിറയാര്‍ന്ന ആ ശബ്ദം നമ്മളോട് പറയും                                                            

"ന്താ ല്ലാരും ഇങ്ങനെ തൂക്ഷിച്ച് നോക്കണെ?                                                                                             ന്തേലും കാണണണൊണ്ടാ,    ന്തേലും കേക്കണൊണ്ടോ                                                                                                                                  
ആ പോയ ചങ്കരനെ കാണണൊണ്ടാ                                                                                                                  
ന്നെ കാണണൊണ്ടാ                                                                                                                             ജീവിതേ ഒരു പൊയ പോലെയാ അതങ്ങനെ ഒയുകി ഒയുകിയങ്ങു പോകും!”