Wednesday, July 14, 2010

അച്ഛാ, അങ്ങ് ഇന്ന് എന്നിലെ അരക്ഷിതത്വമാണ്


സന്ധ്യമയങ്ങിയിട്ടും മഴ തോര്‍ന്നിരുന്നില്ല,കാലവര്‍ഷത്തിന്റെ കാര്‍ക്കശ്യത്തില്‍ ഗ്രാമം മുഴുവന്‍ ഇരുളിലാഴ്ന്നിരുന്നു.കാട്ടു ചീവീടുകളുടെ നാദവീചികള്‍ വരാനിരിക്കുന്ന പേമാരിയുടെ മുന്നൊരുക്കമായി.മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ആപേക്ഷിക സിദ്ധാന്തതിനോടൂം ന്യൂട്ടന്റെ ചലന നിയമങ്ങളോടും പോരടീക്കെ മകള്‍ ഉറക്കെ പ്രഖ്യാപിച്ചു.


“ഞാന്‍ ഈ പരീക്ഷ എഴുതുന്നില്ല, എനിയ്ക്കോന്നും അറിയില്ല, ഞാനൊന്നും പഠിച്ചിട്ടില്ല”


അടുക്കളയില്‍ കലപിലകൂട്ടുന്ന പാത്രങ്ങളോട് സല്ലപിച്ചിരിക്കുന്ന സ്ത്രീ രൂപത്തെ ആ മുറിയിലേക്കുന്തിനീക്കാന്‍ തക്കവണ്ണം കരുത്ത് ആ ശബ്ദത്തിനുണ്ടെന്ന് അവളും നിരീച്ചിരുന്നില്ല.


“അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ, അച്ഛന്‍ സ്വപ്നത്തില്‍ കണ്ടതാ നീയൊരു എഞ്ചിനീയറായെന്ന്. എന്‍ട്രന്‍സ് എഴുതാതെ എങ്ങെനെയാ”

“അച്ഛനു വെറുതെ സ്വപ്നം കണ്ടാല്‍ മതിയല്ലോ” മകളുടെ ആത്മഗതം പുറത്തു വന്നില്ല.

“എല്ലാ കുട്ടികളും പരീക്ഷയെഴുതുമ്പോള്‍ ഞാന്‍ അവരെ നോക്കി വെറുതെ ഇരിക്കേണ്ടിവരും”


അവളുടെ കണ്‍തടങ്ങളീല്‍ ഒരു നീര്‍ത്തുള്ളീ ഊറിക്കൂടി.

“സമ്മതിച്ചു. പരീക്ഷ എഴുതണ്ടാ, നാളെ ഇവിടെ ഉണ്ടാവരുത്. ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ പൊയ്ക്കോ.അല്ലെങ്കില്‍ എന്നോടാരിയ്ക്കും കലിപ്പു തീര്‍ക്കുന്നത്”.


“ഉം....” തീരുമാനത്തിന്റെ ദൃഢത ഒരു മൂളലിലൊതുങ്ങി.


കാലത്ത് അഞ്ചരയ്ക്കുതന്നെ അച്ഛന്റെ അടിവെയ്പുകളെ സ്വന്തം പാദങ്ങള്‍ കൊണ്ടളന്ന് നാല്‍ക്കവലയിലെത്തുമ്പോഴും അവള്‍ക്കു വഴികാട്ടിയായത് അച്ഛന്റെ ആത്മവിശ്വാസം നിറഞ്ഞ ചിരിയാണ്.


“ഹോ! ഇന്നലെ എന്നാ ഒരു മഴയാരുന്നു. ഞള്ളൂ പാലം ഒഴുകിപ്പോയി. വണ്ടിയൊന്നും പോവില്ല. നമ്മടെ നാട് ഒറ്റപ്പെട്ടെന്നു പറഞ്ഞാ മതിയല്ലോ” വാക്കുകള്‍ ചിതറിവീണത് പാലുകച്ചവടക്കാരന്‍ അന്ത്രുവില്‍ നിന്നാണ്.

നിര്‍ബന്ധിച്ചു ചെയ്യിക്കുന്ന കാര്യത്തില്‍ നിന്നും രക്ഷപ്പെട്ട നിര്‍വൃതി മകളുടെ മുഖത്തൊഴുകി വന്നു.

“ഈ സാറിതെന്തു ഭാവിച്ചാ? പിള്ളാരുടെ ഭാവി വെച്ചാ കളിക്കുന്നത്. തണ്ണിത്തോടിനെ സാര്‍ അറിയാത്തതൊന്നുമല്ലല്ലോ. കൊച്ചിനെ നേരത്തെ കാലത്തേ പത്തനംതിട്ടയിലെത്തിക്കേണ്ടതിനു പകരം...” ആത്മരോഷം ഉയര്‍ന്നു പൊങ്ങിയത് പത്തനംതിട്ടയില്‍ ജോലിചെയ്യുന്ന P.W.D.ജീവനക്കാരി സാറാമ്മയില്‍ നിന്നാണ്. അച്ഛന്റെ മുഖത്തെ ചിരിയ്ക്ക് ഒരു മാറ്റവും വരുത്താന്‍ ആ അത്മരോഷത്തിനും കഴിഞ്ഞില്ല


കാട്ടുവഴിയിലൂടെ പത്തനംതിട്ടയ്ക്കുപോകാന്‍ തയ്യാറായി വന്ന ജീപ്പില്‍ കരുതലോടെ മകളെയിരുത്തു കയ്യില്‍ ചുരുട്ടിപ്പിടിച്ച നൂറുരൂപാനോട്ട് മകള്‍ക്കുനേരെ നീട്ടി ശബ്ദം താഴ്ത്തി അച്ഛന്‍ പറഞ്ഞു.


“ഉച്ചയ്ക്ക് വിശക്കുമ്പോള്‍ കുഞ്ഞുമോന്റെ കടയില്‍ പോകണം. അവനോട് ഹോട്ടലീന്ന് ഭക്ഷണം വാങ്ങിത്തരാന്‍ പറയണം. വീട്ടിലെ അവസ്ഥ നിനക്ക്ക്കറിയാമല്ലോ, എനിക്ക് വരാന്‍ പറ്റാഞ്ഞിട്ടാ...”


നിലയ്ക്കാത്ത ഇടവപ്പാതി കൊച്ചച്ചന്റെ ചെറിയ കടയേയും വെള്ളത്തിലാഴ്ത്തിയപ്പോള്‍ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമില്ലാതെ മകള്‍ പരീക്ഷ എഴുതി.വിജയം കൈവരിയ്ക്കുകയും ചെയ്തു.


വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പരിദേവനം അച്ഛനില്‍ നിന്നുതിര്‍ന്നുവീണു.

“എന്റെ മക്കളെ ഞാന്‍ പഠിപ്പിച്ചു. ന്നിട്ടും അവര്‍ ഇംഗ്ലീഷ് പറയുന്നത് കേള്‍ക്കാന്‍ എനിക്ക് യോഗമില്ലല്ലോ”

പട്ടിണിയും പരിവട്ടവും വിദ്യാഭ്യാസത്തിന്റെ പരിമിതി പത്താം ക്ലാസില്‍ ഒതുക്കേണ്ടി വന്ന ഒരു പ്രാരബ്ധ്ക്കാരന്റെ മനോവ്യാപാരമായിരുന്നു അത്.


ഇന്ന് നീലാകാശത്ത് ഏറ്റവും പ്രകാശമുള്ള ഒറ്റപ്പെട്ടുനില്‍ക്കുന്ന ആ നക്ഷത്രത്തെ നാഴികകളോളം ഞാന്‍ നോക്കി നില്‍ക്കും. അച്ഛന്റെ മകള്‍ അങ്ങാഗ്രഹിച്ച അതേ വിദ്യാഭ്യാസസ്ഥാപനത്തില്‍ അധ്യാപിക ആയിരിക്കുന്നുവെന്നും സാമാന്യം തെറ്റില്ലാതെ ആംഗലേയം സംസാരിയ്ക്കാന്‍ പഠിച്ചെന്നും എനിക്കങ്ങയോട് പറയണം.അങ്ങുപിരിയുമ്പോള്‍ എനിയ്ക്ക് നഷ്ടമായത് ഉണര്‍ത്തുപാട്ടും വൈകുന്നേരങ്ങളില്‍ പൊതിക്കടലകളുമായെത്തുന്ന ഉറവ വറ്റാത്ത സ്നേഹമായിരുന്നെന്നും എനിയ്ക്കങ്ങയെ ഓര്‍മപ്പെടുത്തണം. ആഘോഷങ്ങള്‍ ആര്‍ത്തലച്ചു കടന്നുപോകുമ്പോള്‍ മത്താപ്പും കമ്പിത്തിരിയും മാലപ്പടക്കവും വാങ്ങാന്‍ പോയ അച്ഛനെ കാത്ത് കാത്ത് തത്തക്കുട്ടി നിസംഗയായിപ്പോയെന്ന് എനിയ്ക്കങ്ങയോട് പരിഭവിയ്ക്കണം. മകള്‍ ഉദ്യോഗസ്ഥയായതിന്റെ സന്തോഷം കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പകുത്ത് നല്‍കാന്‍ കാത്തു നില്‍ക്കാതെ, മാലാഖമാരുടെ മഞ്ചലിലേറി മറ്റൊരു ലോകത്തേക്ക് പലായനം ചെയ്തത് എന്തിനാണെന്ന് എനിയ്ക്കങ്ങയോട് പരാതിപ്പെടണം. കാരണം അങ്ങ് ഞങ്ങളെ വേര്‍പിരിഞ്ഞിട്ട് ഇന്നേയ്ക്ക് എട്ടുവര്‍ഷം തികയുന്നു.

പ്രിയപ്പെട്ട അച്ഛാ, അങ്ങ് ഇന്ന് എന്നിലെ അരക്ഷിതത്വമാണ്

21 comments:

കൂതറHashimܓ said...

നന്നായി പറഞ്ഞ ഓര്‍മകള്‍
അച്ഛന്റെ ആത്മശാന്തിക്കായി ആഗ്രഹിക്കുന്നു

(>>>അങ്ങിന്നെന്റെ അരക്ഷിതാവസ്ഥയാണ്.<<< ഇങ്ങനെ പറഞ്ഞാല്‍ എന്താ???)

ഹംസ said...

അച്ഛന്‍റെ വാത്സല്യം അച്ഛനോടുള്ള സ്നേഹം നന്നായി പറഞ്ഞു.
അച്ഛന്‍റെ നിത്യശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നു.

Naushu said...

കൊള്ളാം... നന്നായി പറഞ്ഞു.

Ashly said...

ടച്ചിംഗ് !!!

Nileenam said...

കൂതൂ... ഞാന്‍ പറയുന്ന എന്തെങ്കിലും നിനക്കു മനസ്സില്ലാവാറുണ്ടോ?

അഭി said...

നല്ല കുറെ ഓര്‍മ്മകള്‍ അല്ലെ

.. said...

..
കഥ (ഓര്‍മ്മ?) നന്നായിരിക്കുന്നു. ഒതുക്കത്തില്‍ പറഞ്ഞ് “അവസാനിപ്പിച്ച”തിന്റെ മനോഹാരിതയുണ്ട്.

പഴയ പത്രവാര്‍ത്ത ഓര്‍മ്മ വന്നു, ഹെഡ്ഡിംഗ് കണ്ടപ്പോള്‍, അതാ ആദ്യമീ വഴി വരാഞ്ഞെ. അതുകൊണ്ടെന്താണ് അര്‍ത്ഥമാക്കുന്നത്? എനിക്കും മനസ്സിലായില്ല.
..

Reji Puthenpurackal said...

മനോഹരമായ ഭാഷാ ശൈലി.ആകാശത്തെ ആയിരക്കണക്കിനു നക്ഷത്രങ്ങളുടെ ഇടയിലെ ആ കൂടുതല്‍ പ്രകാശമുളള നക്ഷത്രം നിങ്ങളുടെ അച്ഛന്‍ തന്നെയാണ്.അതിന്‍റെ പ്രഭ നിങ്ങളുടെ ജീവിത വഴിയില്‍ വെളിച്ചമായിതീരട്ടേയെന്നാശംസിക്കുന്നു... തലക്കെട്ടു ഒന്നു മാറ്റിക്കുടെ...

മൃതി said...

krishnaa krishnaa reksha....

ഉപാസന || Upasana said...

നന്നായി എഴുതി സുഹൃത്തേ...
അച്ഛന്‍ അറിയുന്നുണ്ടാകും എല്ലാം...
:-)

thoolika said...

ഒരു ഓര്‍മ്മ കുറിപ്പ്‌, നന്നായിട്ടുണ്ട് സിന്ധു... ആ അച്ഛന്റെ ആത്മാശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു

mayflowers said...

എന്ത് നല്ല ഓര്‍മ്മകള്‍..
കുഞ്ഞുന്നാളിലേ എനിക്ക് നഷ്ടപ്പെട്ട ഉപ്പയെ ഓര്‍ത്തു പോയി..

ശ്രീനാഥന്‍ said...

നല്ല ഭാഷയിൽ പൊള്ളും വിധം. അവസാനഭാഗം പ്രത്യേകിച്ചും. ആശംസകൾ!

Unknown said...

കര്കിടകത്തിലെ ദര്‍പ്പണം ആണ് അല്ലെ.........ഈ ഓര്മ പെടുത്തല്‍ ചിലപ്പോ മനസ് അലിയിക്കും

ഷമീര്‍ തളിക്കുളം said...

നന്നായി പറഞ്ഞു.

Sabu Kottotty said...

പോസ്റ്റ് വായിച്ചു, കമന്റു കണ്ടപ്പോ കല്ലുകടിയായി തോന്നി. കൂതറയെന്ന പേര് ചുരുക്കി "കൂതൂ" എന്നുള്ള വിളി അത്ര സുഖകരമായി തോന്നുന്നില്ല. കമന്റാനുള്ള മൂഡും പോയി...

jayanEvoor said...

ഹൃദയസ്പർശിയായ എഴുത്ത്.

(എന്റെ അച്ഛൻ ഇവിടെയുണ്ട് http://www.jayandamodaran.blogspot.com/)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആര്‍ദ്രമായ എഴുത്ത് ..

അനശ്വര said...

നല്ല കഥ...
പിന്നെ,കഥ പറഞ്ഞ രീതിയിൽ എന്റെ ശ്രദ്ധയിൽ പെട്ട ചെറിയ ഒരു കാര്യം...
“ന്യൂട്ടന്റെ ചലന നിയമങ്ങളോടും പോരടീക്കെ മകള്‍ ഉറക്കെ പ്രഖ്യാപിച്ചു.”

“അവള്‍ക്കു വഴികാട്ടിയായത് അച്ഛന്റെ ആത്മവിശ്വാസം നിറഞ്ഞ ചിരിയാണ്.”
ഇവിടൊക്കെ കഥ പറഞ്ഞിരിക്കുന്നത് ഒരു third person ആണ്‌..
എന്നാൽ അതിമനോഹരമായ, ഒരു പക്ഷെ ഈ കഥയുടെ ആത്മാവ് എന്ന് പറയാവുന്ന അവസാത്തെ paragraph പറയുന്നത് ഒരു third person അല്ല

കഥ എന്നിൽ നിന്ന് പറയാം, അവളിൽ/ അവനിൽ നിന്ന് പറയാം അല്ലെങ്കിൽ മൂന്നാം ഭാഗത്തു നിന്നും കഥാകാരിക്ക് ഇഷ്ടമുള്ളത് പോലെ..പക്ഷെ, ഒരു കഥയിൽ തന്നെ 2 രീതി വരുമ്പോൾ വായനക്ക് ഒഴുക്ക് കുറയും..ആശയഗ്രഹണത്തിന്‌ അപൂർണ്ണത വരും..
ശ്രദ്ധിക്കുമല്ലൊ!!

അനശ്വര said...
This comment has been removed by the author.
ശ്രീ said...

നന്നായി എഴുതി...

(തലക്കെട്ട് എന്നെയും കണ്‍ഫ്യൂഷനിലാക്കി)