രണ്ടു നാലുദിവസം മുമ്പാണ്. തിരക്കു കുറവായിരുന്ന ഒരു ദിവസം, എന്റെ മുറിയുടെ വാതില്‍ തുറന്ന് Sr. നിരഞ്ജന പറഞ്ഞു.
"മാഡം, ഒരു എമെര്‍ജെന്‍സി കേസ് വന്നിട്ടുണ്ട്".
വിരസതയുടെ ആലസ്യത്തില്‍ നിന്ന് കര്‍മ്മനിരതയായി വേഗം കാഷ്വാലിറ്റിയിലേക്ക്.
ഭിത്തിയുടെ ഓരം ചേര്‍ന്നുള്ള ആ കട്ടിലില്‍ വാടിയ താമരത്താരു പോലെ അവള്‍, താമര. പാതിയടഞ്ഞ മിഴികളില്‍ കൃഷ്ണമണികളുടെ നേര്‍ത്ത സഞ്ചാരം. പ്രജ്ഞയറ്റ അവളുടെ നെഞ്ചില്‍ സ്റ്റെത്ത് അമര്‍ത്തുമ്പോള്‍ ചോദിച്ചു,
"ആരാ കൂടെ?"
"ചേച്ചിയാണ്" ഏകദേശം 30 വയസ്സുള്ള യുവതി നീങ്ങിനിന്നു.
"എന്തേ പറ്റീത്?"
അന്യദേശത്തെ ഈ കുഗ്രാമത്തില്‍ പെട്ടെന്ന് മലയാളത്തിലുള്ള ചോദ്യം കേട്ടു രാധ അമ്പരന്നു. ഒരു പിടിവള്ളി കിട്ടിയ ആശ്വാസം ആ മുഖത്ത് കാണായി.
"കാലത്തു മോളെ കളിപ്പിച്ചോണ്ടിരിക്കയാരുന്നു, താമര. പെട്ടെന്നു വെള്ളം ചോദിച്ചു കുഴങ്ങിവീണു. കൂടുതല്‍ ഒന്നും അറിയില്ല. എന്താന്റെ കുട്ടിക്കു മാഡം?".
പരിഭ്രാന്തമായിരുന്നു ആ സ്വരം.
"ഒന്നും പറയാറായിട്ടില്ല ഇപ്പോള്‍" ഞാന്‍ പറഞ്ഞു.
"ഈശ്വരാ എന്തു ചെയ്യും, ഹൌസ് സര്‍ജന്‍സി കഴിഞ്ഞ് ആദ്യ പോസ്റ്റിംഗ് ആണിവിടെ, വെള്ളിയാഴ്ച ആയതുകൊണ്ടു സീനിയര്‍ ഡോക്ടര്‍മാരൊക്കെ നേരത്തെ പോയിക്കഴിഞ്ഞു. ഇതു വല്ല പൊല്ലാപ്പും ആകുമോ?"സകല ദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ചു.
"ഈശ്വരാ, ആപത്തൊന്നും വരുത്തല്ലെ".
ആദ്യം പ്രെഷര്‍ നോക്കി, ഭാഗ്യം, നോര്‍മല്‍ ആണു, ഇനി പേടിക്കാനില്ല.
ഗ്ലുക്കോസും ഓക്സിജനും കൊടുക്കാന്‍ നിരഞ്ജന സിസ്റ്ററെ ഏര്‍പ്പാടാക്കി ഡ്യുട്ടി റൂമിലെക്കു തിരിച്ചു നടന്നു.അപ്പോള്‍ വീട്ടില്‍ തനിച്ചായ അമ്മ മാത്രമായിരുന്നു മനസ്സില്‍. അമ്മക്ക് നല്ല സുഖമില്ല, പ്രെഷര്‍ ഇത്തിരി കൂടുതലാണ്. രാവിലെ ഓടിപ്പോരുമ്പോള്‍ അമ്മയെ ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ല. ഒന്നു രസം പറയാനോ സംസാരിച്ചു സമയം കളയാനോ ഈ മറുനാട്ടില്‍ ഭാഷയറിയാത്ത അമ്മക്കെങ്ങനെയാ കഴിയുക, ഓര്‍ത്തങ്ങനെയിരിക്കുമ്പോള്‍ വാതിലില്‍ രാധ.
"മാഡം, ഒന്നും പറഞ്ഞില്ല"
"ഹെയ്, താമരക്കൊന്നുല്ല"
ഞാന്‍ പറഞ്ഞതു വിശ്വസം വരാത്ത പോലെ തോന്നി രാധക്ക്
" ഒന്നുല്ല, ടെന്‍ഷന്‍ കൂടുന്നത് കൊണ്ടുണ്ടാവുന്ന ഒരു അസ്കിത, പേടിക്കാനൊന്നൂല്ല, ടെന്‍ഷന്‍ കൂടുമ്പൊ അതു നമ്മുടെ തലച്ചോറിനെ ബാധിക്കും. ശ്രദ്ധിക്കാതെയിരുന്നാല്‍ അപസ്മാരം ആയീന്നുവരും. അധികം ടെന്‍ഷന്‍ അടിക്കാതെ നോക്കിയാല്‍ മതി. ഇതിനു മുന്നെ വന്നിട്ടുണ്ടൊ, താമരക്കിങ്ങനെ?"
"ഇല്ല, ഇതാദ്യം"
" ഞാന്‍ ടെന്‍ഷന്‍ കുറക്കാനുള്ള ടാബ്‌ലെറ്റ് എഴുതിതരാം"
"ഇന്നെന്തായാലും ഒബ്‌സര്‍വേഷനില്‍ ഇരിയ്ക്കട്ടെ, രണ്ട് കുപ്പി ഗ്ലൂക്കോസ് കൂടി എടുക്കാം"
"ശരി, മാഡം".
ഉച്ചയായി താമര മോഹാലസ്യം വിട്ട് ഉണര്‍ന്നപ്പോള്‍. ഓര്‍ക്കാപ്പുറത്തു മറ്റൊരു മലയാള സ്വരം കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിസ്മയം കൊണ്ടു വിടര്‍ന്നു. പിറ്റേന്ന് വൈകുന്നേരം ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ താമര കാണാന്‍ വന്നു.
"മാഡം, എനിക്കെന്താണ് അസുഖം?"
"എടോ, തനിക്കൊരു അസുഖവുമില്ല" രാധയോടു പറഞ്ഞതു തന്നെ ഞാന്‍ ആവര്‍ത്തിച്ചു. പെട്ടെന്നു താമരയുടെ കണ്ണുനിറഞ്ഞു.
"എന്താ, കുട്ടി, എന്താ പറ്റിയെ?"
കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി കൊണ്ടു നടക്കുന്ന മനൊ:വ്യാപാരങ്ങള്‍ താമര എനിക്കു മുന്നില്‍ തുറന്നു വച്ചു.
* * * * * *
ഞാന്‍ താമര, അച്‌ഛന്റെ കയ്യും പിടിച്ച് പൂരം കാണാന്‍ പോയതും കടലാസു കുമ്പിളില്‍ ഇളം ചൂടോടെ കടല കൊറിച്ചതും എന്റെ ഓര്‍മയിലില്ല. അങ്ങനെയൊരു ബാല്യം എനിക്കുണ്ടായിട്ടു തന്നെയില്ല. ഓല കെട്ടിമറച്ച രണ്ടു മുറികളായിരുന്നു എന്റെ വീട്. അമ്മ കൂലിപ്പണിക്കു പോയിരുന്നതുകൊണ്ടു ഞാനും ചേച്ചിയും അല്ലലില്ലാതെ വളര്‍ന്നു. കൌമാരം മായും മുമ്പെ ഉള്ള പറമ്പുവിറ്റും കടം വാങ്ങിയും ചേച്ചിയെ കല്യാണം കഴിപ്പിച്ചയച്ചതു എനിക്കും അമ്മക്കും ഇനിയുള്ള ജീവിതത്തിനു അത്താണിയാകുമെന്നുകൂടി കരുതിയിട്ടാണ്. നമ്മുടെ കണക്കുകൂട്ടലുകളല്ലല്ലോ ദൈവം നടപ്പാക്കുന്നത്. കല്യാണത്തിനു ശേഷം ചേട്ടന്‍ വീട്ടിലേക്കു വന്നിട്ടേയില്ല, ചേച്ചിയെ അയച്ചതുമില്ല. നാള്‍ക്കുനാള്‍ പെരുകിവന്ന കടവും, ക്ഷയിച്ചു വന്ന അമ്മയുടെ ആരോഗ്യവും 15 വയസ്സില്‍ എന്നെ കൂലിപ്പണിക്കാരിയാക്കി. മംഗല്യസൂത്രമെന്ന മഹാഭാഗ്യത്തില്‍ ചേച്ചി രക്തബന്ധം തന്നെ മറന്ന മട്ടായി. കല്യാണത്തിനു ശേഷം ചേച്ചി വീട്ടില്‍ വരുന്നത് പ്രസവത്തിനാണ്. ഭാരിച്ച ചെലവുകള്‍ക്ക് ചേട്ടന്‍ പുറം തിരിഞ്ഞപ്പോള്‍ ചേച്ചിയുടെ ഉത്തരവാദിത്വം കൂടി എന്റെ ചുമലിലായി. വീട്ടുചെലവുകളുടെ അറ്റം കൂട്ടിമുട്ടിക്കാന്‍ ഞാന്‍ നന്നേ ബുദ്ധിമുട്ടി.
കഷ്ടപ്പാടും ആധിയും വ്യഥയും എന്നെ മറ്റൊരാളാക്കി. ഇരുപതുകള്‍ താണ്ടാതെ തന്നെ എണ്‍പതുകളുടെ പക്വതയുണ്ടായി എനിക്ക്. ജീവിതം കുറെക്കൂടി പ്രായോഗികതയോടെ കാണാന്‍ ഞാന്‍ പഠിച്ചു. പക്ഷെ, ഒരിയ്ക്കല്‍ പണിസ്ഥലത്തു തലകറങ്ങി വീണതോടെ കൂലിപ്പണിക്ക് പോകാന്‍ ധൈര്യമില്ലാതായി. കൂടുതല്‍ വിഷമിപ്പിക്കാതിരിക്കാന്‍ അമ്മയോടീകാര്യം ഞാന്‍ മറച്ചു വച്ചു. അങ്ങനെയിരിക്കുമ്പോഴാണ് രാധേച്ചിയെ ഞാന്‍ പരിചയപ്പെടുന്നത്. അടുത്തുള്ള സ്വകാര്യ സ്ക്കൂളിലെ അധ്യാപികയായ രാധേച്ചിക്ക് ഞാനൊരു സഹായമായി. ക്രമേണ അതൊരു ഹൃദയബന്ധമായി വളരുകയും ചെയ്തു.
രാധേച്ചിയുമായുള്ള കൂട്ടുകെട്ടു സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാന്‍ എന്നെ സഹായിച്ചു. ഭര്‍ത്താവ് മരുഭൂമിയില്‍ പൊന്നു തേടി പോയപ്പോള്‍ നാട്ടില്‍ തനിച്ചായ രാധേച്ചിക്ക് ഞാന്‍ അനിയത്തി തന്നെയായി.
എന്റെ കൊച്ചു ജീവിതത്തിലേക്കു വര്‍ണങ്ങള്‍ തിരിച്ചു വന്നു. പൊട്ടിച്ചിരിക്കുന്ന കുപ്പിവളകളെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി. എന്റെ സ്വപ്നങ്ങള്‍ കൂടുതല്‍ നിറമുള്ളതും മിഴിവുള്ളതുമായി. സ്വപ്നങ്ങള്‍ക്ക് ആയിടെ പരിചയപ്പെട്ട ബാബു ചായം ചാലിച്ചുകൊണ്ടേയിരുന്നു. ജീവിതത്തിനു അര്‍ത്ഥവും വ്യാപ്തിയും ലക്ഷ്യവുമുണ്ടായി. കേന്ദ്രീയവിദ്യാലയത്തില്‍ ജോലികിട്ടി രാധേച്ചി മറുനാട്ടിലേക്കു ചേക്കേറിയപ്പോള്‍ കുട്ടിയെ നോക്കാന്‍ ഞാനും ഒപ്പം കൂടി.
വിരഹം പ്രണയാമൃതത്തിനു കയ്പ്പോ മധുരമോ ഒക്കെ കൂട്ടിയപ്പോള്‍ വിവാഹമെന്ന ജീവിത വഴിത്തിരിവിനെ പറ്റി ഞങ്ങള്‍ ചിന്തിച്ചുതുടങ്ങി. ഭാവി ശ്വശ്രുക്കളുടെ സ്ത്രീധനമോഹം എന്റെ മംഗല്യ സ്വപ്നങ്ങളുടെമേല്‍ കരിനിഴല്‍ വീഴ്‌ത്തി. സ്നേഹത്തിന്റെ കെട്ടുറപ്പില്‍ ആ അതിര്‍വരമ്പു കടക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. പക്ഷേ, ചേച്ചിയും ചേട്ടനും ഇനിയുമൊന്നും പറഞ്ഞിട്ടില്ല. പെരുകി വന്ന കടങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ട്. ജോത്സ്യം, സ്ത്രീധനം എന്നീ അപസ്വരങ്ങള്‍ പിറുപിറുക്കലുകളായി എനിക്കു ചുറ്റും കോമരം തുള്ളുന്നു. ഈ കാര്യത്തിലെങ്കിലും ചേട്ടന്‍ നല്ല മനസ്സു കാണിച്ചില്ലെങ്കില്‍, ചൂണ്ടിക്കാണിക്കാന്‍ ബന്ധുക്കള്‍ പോലുമില്ലാതെ ഞാന്‍... വീണ്ടും എന്റെ കണ്ണു നിറയുന്നു. വീട്ടിലൊറ്റക്കാവുന്ന സമയം പേര്‍ത്തും പേര്‍ത്തും ഞാന്‍ ഇതിനെ പറ്റി ചിന്തിച്ചു പോകുന്നു. എതിര്‍പ്പുകളെ അതിജീവിക്കനുള്ള കരുത്തും ചോര്‍ന്നു പോകുന്നു.
ഓപ്പറേഷന്‍ തിയേറ്ററിനു മുന്നിലെ ചാരുബഞ്ചില്‍ കുഞ്ഞുവാവയെ കാത്തിരുന്ന ആ പതിനാറുകാരിയുടെ മുഖം എന്റെ മനസ്സില്‍ തെളിയുന്നു. സിസേറിയന്‍ വേണ്ടിവന്നേക്കാമെന്ന അറിയിപ്പ് വന്നപ്പോള്‍ പാതിരാ നേരം വക വെക്കാതെ ആശുപത്രിക്കവലയില്‍ ഏകയായി ബ്ലഡ് ബാങ്കുകള്‍ അന്വേഷിച്ചു നടന്ന ഞാന്‍, കുട്ടിയുടെ പേരിടീലും ചടങ്ങുകളും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ നടത്തിക്കൊടുക്കാന്‍ കഴിഞ്ഞ ഞാന്‍.... എന്റെ മനോ:ബലം എവിടെയാണാവോ ചോര്‍ന്നു പോയത്?
* * * * * *
താമരയെ ആശ്വസിപ്പിച്ച് ധൈര്യം പകര്‍ന്ന് ക്ലിനിക്കില്‍ നിന്നിറങ്ങുമ്പോള്‍ 5.30. വീട്ടിലൊരാള്‍ കാത്തിരിക്കുന്നുണ്ട്. എന്നെ കുറിച്ചുള്ള പ്രതീക്ഷകളും നൊമ്പരങ്ങളും ഉള്ളിലൊതുക്കി ആരോടും പരിഭവമോ പരാതിയോ പറയാതെ. ഇന്നെങ്കിലും എന്റെ അമ്മയോട് എനിക്കു കുറെ സംസാരിക്കണം. ആ മടിയില്‍ കിടന്ന് കുട്ടിക്കാലത്തെ പോലെ കൊഞ്ചണം ഈ തത്തക്കിളിക്ക്. വേറൊന്നിനുമല്ല, അമ്മയുടെ പൊന്നുമോള്‍ അമ്മയെ മറന്നിട്ടില്ലെന്നു കാണിക്കാന്‍. ഇത്രയും മതിയാവില്ലേ അമ്മയുടെ അസുഖങ്ങള്‍ പമ്പ കടക്കാന്‍.
8 comments:
അത്രയും മതിയാവട്ടെ, അമ്മയുടെ അസുഖങ്ങള്‍ മാറാന്‍...
പലപ്പോഴും, ചുറ്റും സംഭവിയ്ക്കുന്ന ഇതുപോലുള്ള കാര്യങ്ങളാവും, ജീവിതത്തിന്റെ തിരക്കില്‍ നമ്മള്‍ നഷ്ടപ്പെടുത്തുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളേയും സുഖങ്ങളേയും നമുക്കോര്‍മ്മപ്പെടുത്തിത്തരുന്നത്.
ദളമര്‍മ്മരങ്ങല്‍... :)
അന്ന്യന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലം വരട്ടെ,അസുഖങ്ങളില്ലാത്ത കാലം.
തത്തക്കിളീ..ഒരിക്കലും, മറ്റാര്‍ക്കും പകരം നള്‍കാന്‍ പറ്റാത്തൊരു സ്നേഹമാണ് അമ്മക്ക് മകളില്‍ നിന്നുകിട്ടുന്നത്. ഒരു തുള്ളി സ്നേഹം നമ്മള്‍ കാണിക്കുബോള്‍ അമ്മ നമ്മള്‍ക്കായി ഒരു പാലാഴി ഒഴുക്കും.പ്രതീക്ഷയില്ലാത്ത, പരിഭവമില്ലാത്ത സ്നേഹം, മാത്രമേ ഏതൊരമ്മക്കും ഉള്ളു.ഞങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇനി അമ്മയെ സ്വപ്നം കാണാന്‍ മത്രമെ കഴിയൂ.
മാഷേ,
ഇതൊന്നു കാണൂ. അതില്‍ പറഞ്ഞിരിക്കുന്ന പ്രശ്നം താങ്കളുടെ ഈ പോസ്റ്റിനുണ്ട്.
ഇതു റ്റീച്ചറാ ഏവൂരാനെ. കഥ ഞാനും വായിച്ചു.
ഇനിയും എഴുതൂ നിലീനം. വായിക്കാന്‍ ഭംഗിയുള്ള ഭാഷ.
സോറി .
വായിക്കാന്‍ മേലായിരുന്നു, അതിനാലാണ് അങ്ങനെയൊരു പിശക് പറ്റിയത്.
ഇപ്പോ സുന്ദരമായിരിക്കുന്നു.
എന്റെ വക്യയും -- സ്വാഗതം
താമര..
മനസ്സില്‍ മായാതെ കിടക്കുന്നു
ജീവിതത്തിന്റെ കയ്പു രസങ്ങള്‍ ഏറ്റു വാങ്ങി പിന്നെയും തന്റെ മുമ്പില്‍ പകച്ചു നില്‍ക്കുന്ന യാഥാര്‍ത്യങ്ങളോടെ പടവെട്ടാന്‍ ഇറങ്ങിയവള്‍
നല്ല കഥ. സമൂഹത്തില്‍ ഇത്തരത്തില്‍ ജീവിതം ഹോമിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കായി നമുക്കീ കഥ സമര്‍പ്പിക്കാം അല്ലേ.
അല്ല പ്രാര്‍ഥിക്കാം എന്നതാണ് സത്യം.
നന്നായി പറഞ്ഞു. ഒടുവില്‍.... സ്വന്ത അമ്മയുടെ അടുത്തും എത്തി. നല്ല വരികള്‍. മനസില്‍ തങ്ങി നില്‍ക്കുന്നു. ഭാവുകങ്ങള്‍.
Post a Comment