Saturday, May 20, 2006

അനിയന്‍


ഓര്‍മ്മയുടെ പഴക്കം ചെന്ന താളുകളില്‍ ചെമപ്പ്‌ ട്രൌസറും നെഞ്ചത്ത്‌ മുയല്‍ക്കുട്ടീന്റെ പടമുള്ള ടീ ഷര്‍ട്ടുമിട്ട്‌ ഒരു തക്കിടിമുണ്ടനായി അവന്‍ നില്‍ക്കുന്നുണ്ട്‌. അവന്റൊപ്പം രണ്ടിഞ്ചു കൂടി പൊക്കത്തില്‍ തക്കിടിമുണ്ടി ഞാനും മറ്റൊരു രണ്ടിഞ്ചുകൂടി പൊക്കത്തില്‍ വേറൊരു തക്കിടിമുണ്ടി വല്യക്കയും. വല്ലപ്പോഴും കാണുന്ന "ജയന്‍" ചിത്രങ്ങളിലെ വീരശൂര പരാക്രമങ്ങള്‍ ഞങ്ങളാകുന്ന അബലകളോട്‌ അവന്‍ പ്രവര്‍ത്തിച്ചിരുന്നു. എങ്ങാനും തിരിച്ചൊന്നു കൈ പൊക്കിയാല്‍ "അമ്മേ... കൊച്ചക്ക/വല്യക്ക തല്ലിയേ എന്നു ദിഗന്തങ്ങള്‍ ഭേദിക്കും വിധം നിലവിളിക്കുകയും അതേ തുടര്‍ന്ന് അമ്മ തവിക്കണ സഹിതം രംഗപ്രവേശം ചെയ്യുകയും ചെയ്തു വന്നു. വാനരന്മാരെ പോലും അതിശയിപ്പിക്കും വിധം നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ അമ്മയുടെ ഒക്കത്തെത്തിയിരുന്നത്‌ കൊണ്ട്‌ ശരിയായ വിധം പ്രതികരിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല. അമ്മ ഞങ്ങളെ നോക്കി കരുണയില്ലാതെ "എന്താടീ കുഞ്ഞിനെ ഉപദ്രവിക്ക്യാ" എന്ന് ആവുന്നത്രകോപത്തോടെ പറഞ്ഞുപോന്നു. ചുരുക്കം ചില ദിവസങ്ങളില്‍ ഈ തവിക്കണാ താഡനം ഞങ്ങള്‍ക്കു സഹിക്കേണ്ടിയും വന്നിട്ടുണ്ട്‌. "ഊംഹ്‌! ഒരു കുഞ്ഞ്‌, കൈയ്യിലിരുപ്പ്‌ മാത്രം കൊള്ളില്ലാ...." എന്ന് പാവം ഞങ്ങള്‍ ആത്മഗതം ചെയ്തു. ഇതിനൊക്കെ പ്രതികാരമായി കുഴിപ്പന്ത്‌, കുറ്റിപ്പന്ത്‌, പന്തേറ്‌, പുലിക്കളി, അടിച്ചേച്ചോട്ടം, കയ്യേല്‍പിടുത്തം എന്നീ കളികളിലേര്‍പ്പെടുന്നതിനിടയില്‍ പിച്ച്‌, നുള്ള്‌ തുടങ്ങിയ കലാപരിപാടികള്‍ ഞങ്ങളവനോടും ചെയ്തുവന്നു.


പിന്നേം കുറേനാള്‍ കഴിഞ്ഞപ്പോള്‍ 6ത്ത്‌ല്‌ പഠിക്കുന്ന എന്നെ സ്ക്കൂള്‍ലീഡര്‍ ആക്കാന്‍ 4ത്ത്‌ല്‌ പഠിക്കുന്ന അവന്‍ തന്നെ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ അവന്റെ സ്നേഹത്തിന്റെ ആഴം എനിക്കു മനസ്സിലായി. വൈകുന്നേരം വീട്ടിലു വന്നപ്പോള്‍ അവനതിനു പറഞ്ഞ ന്യായീകരണം "കൊച്ചക്ക ലീഡറായാല്‍ മതി" എന്നു മാത്രമാണ്‌. അവന്റെ ആഗ്രഹപ്രകാരം ചാമ്പക്ക, നെല്ലിക്ക, അമ്പഴങ്ങ, റോസപ്പൂ, കടലമുട്ടായി തുടങ്ങിയവ കൈക്കൂലി വാങ്ങി ഞാന്‍ എന്റെ സ്ക്കൂള്‍ ലീഡര്‍ ധര്‍മ്മം യഥാവിധി പാലിച്ചു പോന്നു.
പത്താം തരത്തിലു പഠിക്കുമ്പോള്‍ വെറും ക്ലാസ്സ്‌ ലീഡര്‍ മാത്രമായ ഞാന്‍ കാണേണ്ടവരെയൊക്കെ കണ്ട്‌ അവനെ എന്റെ ഹൌസില്‍ തന്നെയാക്കുകയും സഭാകമ്പം കൊണ്ടു മുട്ടുകൂട്ടിയടിച്ചിരുന്ന അവന്റെ ശബ്ദത്തിലൂടെ കുറെ മെഡലുകള്‍ ഹൌസിനു വാങ്ങിക്കൊടുക്കുകയും ചെയ്തു.
പ്രീ-ഡിഗ്രിക്കു നഗരത്തിലുള്ള കോളേജില്‍ ചേര്‍ന്നപ്പോള്‍ വാസസ്ഥാനം അവിടെയുള്ള വനിതാ സദനത്തിലേക്കു മാറ്റേണ്ടിവന്നതുകൊണ്ട്‌ അവനോടുള്ള ശണ്ഠകള്‍ എനിക്ക്‌ നഷ്ടമായി. വല്ലപ്പോഴും വിരുന്നുകാരിയായി വരുന്ന എന്നെ വഴിയോരക്കണ്ണുമായ്‌അവന്‍ കാത്തുകാത്തിരുന്നു.കൈയ്യും വീശിവരുന്ന എന്നെ അമ്മ ശകാരിച്ചു. "കുഞ്ഞ്‌, എത്രീസമായി നിന്നെ കാത്തിരിക്കുന്നു, ന്തെങ്കിലും വാങ്ങിക്കൊണ്ടു വന്നൂടെ അവന്‌.."? പിന്നീടെപ്പോഴും ഓരോപൊതിക്കെട്ടുകള്‍ എന്റെ അനിയന്‍ തിമ്മനുവേണ്ടി ഞാന്‍ കരുതി. തന്മൂലം ബാഗ്‌ തപ്പുക എന്ന ദുശീലത്തിനും അവന്‍ ഉടമയായി. ഇതിനൊക്കെ പ്രതിഫലമായി എന്റെ മിഡി,ടോപ്പ്‌ തുടങ്ങിയവ അവനെക്കൊണ്ട്‌ കഴുകിക്കുകയും ഇസ്തിരി ഇടുവിക്കുകയും ചെയ്തു.(അവനവനന്റെ ജോലി അവനവന്‍ ചെയ്യുക എന്നതായിരുന്നു വീട്ടിലെ അലിഖിതനിയമം).
ഉപരിപഠനാര്‍ഥം കൂടുവിട്ട്‌ കൂടുമാറിയ ഞാന്‍ കൂടുതല്‍ വടക്കോട്ടുപോയി. അവനാകട്ടെ തെക്കോട്ടും. യാത്ര സുഗമവും സുന്ദരവുമാക്കാന്‍ ഞാന്‍ പൊക്കണാംകെട്ടുകളുടെ എണ്ണം കുറച്ചു. തന്മൂലം "കഴുകുവാനുള്ളവ" എന്ന വര്‍ഗ്ഗം എന്റെ പൊക്കണാം കെട്ടുകളില്‍ ഇല്ലാതായി.പോരാത്തതിന്‌ അവനും ഇപ്പൊ ഒരു വിരുന്നുകാരന്‍; പത്രാസുകാരന്‍.
ഇന്നലെ അവന്‍ എന്നെ വിളിച്ചിരുന്നു."ടീ, എനിക്കെന്താ കൊണ്ട്വരാ"?, നിനക്കാകെ ഒരാങ്ങളേ ഉള്ളൂട്ടോ!" വളര്‍ന്ന് മുട്ടാളനായെങ്കിലും അവനെന്റെയാ പഴയ ബാഗ്‌ തപ്പി തന്നെ. എന്തെങ്കിലും വാങ്ങണം അവന്‌. പോട്ടോം പിടിക്കാന്‍ പോവാന്‍ അവന്റെ ബൈക്ക്‌ നേരത്തെ തന്നെ ബുക്ക്‌ ചെയ്തിട്ടുള്ളതാ.
"കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം" എന്ന് എന്റെ അനിയനെ പറ്റി ഞാന്‍ പറയൂലാാാ.കാരണം എനിക്കവനെ ഒരുപാട്‌ ഇഷ്ടമാണ്‌.

9 comments:

ബിന്ദു said...

എത്ര തമ്മിത്തല്ലു കൂടിയാലും.. (കൂടപ്പിറപ്പു കൂട്ടത്തില്‍ ഒരിക്കലേ പിറക്കൂ എന്നാണു കേട്ടിട്ടുള്ളത്‌.വഴക്കു കൂടാതിരിക്കാന്‍ അമ്മ പറഞ്ഞിരുന്ന ന്യായവും ആവാം അത്‌) എനിക്കും എന്റെ ഒരേയൊരു അനിയനേ വളരെ ഇഷ്ടമാണ്‌.

തണുപ്പന്‍ said...

എല്ലാവരും ചേറ്ന്നെന്‍റെ കണ്ണില്‍ തുള്ളി പൊടിപ്പീച്ചു. എന്‍റെ ഏറ്റവും അടുത്ത സുഹ്ര്ത്തും പെങ്ങളും ഇപ്പോള്‍ ബുറൈദാ എന്ന കുഗ്രാമവാസിയുമായ പെങ്ങളു കുട്ടിയെക്കുറിച്ച് ഞാനെഴുതാം.... സമയം കിട്ടട്ടെ .

Adithyan said...

അനിയനുമായി നല്ലൊരു ബന്ധം ഉള്ളതൊരു സുകൃതമാണ്...

-അനിയനൊരപചിരിതനായവന്‍

Anonymous said...

ഒരു അനിയന്റെ ചേച്ചി ആവുക എന്നതു ഒരു മഹാ ഭാഗ്യം ആണു.അതു അനുഭവിച്ചറിയേണ്ടതും ആണു.

മനൂ‍ .:|:. Manoo said...

നിലീനം,

നന്നായി...

മൂന്നു ചേച്ചിമാരുടെ ലാളനയില്‍കഴിഞ്ഞിട്ടിന്ന്‌ ജീവിതം കെട്ടിപ്പടുക്കാന്‍ (?) അകന്നു നില്‍ക്കേണ്ടി വരുമ്പോള്‍, തിരക്കൊഴിഞ്ഞ അപൂര്‍വ്വം ചില സന്ധ്യകളിലെങ്കിലും കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ നേര്‍ത്ത വേദനയായി കണ്ണുകളില്‍ പടരാറുണ്ട്‌.

ചേച്ചിമാര്‍ക്ക്‌ അനിയനെ എന്നും സ്നേഹിക്കാനേ കഴിയൂ അല്ലേ?

Anonymous said...

എനിക്കും ചേച്ചീമാര്‍ മാത്രേള്ളു, അവര്‍ക്ക്‌ ഞാനും.

ഉം....ഫോട്ടോം പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങാ,ല്ലേ? കണ്ടോ ഞങ്ങളെ പോലുള്ള അനിയന്മാരുണ്ടായതെത്ര നന്നായി

കുറുമാന്‍ said...

പെങ്ങളില്ലാത്ത എനിക്കെന്തറിയാം, ആങ്ങള്‍ പെങ്ങള്‍ ബന്ധത്തിന്റെ ആഴം, എങ്കിലും, ഞങ്ങള്‍ മൂന്ന് മുട്ടാളന്മാര്‍ (ഇളയവന്‍ ഞാന്‍ തന്നെ) തമ്മില്‍ തല്ലിയാലും, തല പൊളിച്ചാലും, കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഒന്നാകും......പണ്ടും, ഇപ്പോഴും, ഇനിയും അങ്ങനെയാകണം എന്നാണ് പ്രാര്‍ത്ഥന.

Nileenam said...

ബിന്ദു,
നന്ദിയുണ്ടുട്ടൊ ബിന്ദു, ഇവിടെ വരെ വന്നത്തിനും ന്റെ അനിയന്റെ വികൃതികള്‍ വായിച്ചതിനും.

തണുപ്പാ,
കരയല്ലേടാ, തല്‍ക്കാലം ഞങ്ങളീ ചേച്ചിക്കുട്ട്യോളൊക്കെയില്ലേ നിന്റൂടെ. ഞാനും കാത്തിരിക്കയാ തണുപ്പന്റെ അനിയത്തിക്കുട്ടിയെ കുറിച്ച്‌ കേള്‍ക്കാന്‍.

തുളസീ, കരുതണ പോലെ ആളു ഡീസന്റ്‌ അല്ലാട്ടൊ. TA, DA പിനെ മേമ്പൊടി കൈമടക്കും, അത്രേണ്ടൊങ്കിലേ വീട്ടിന്നിറങ്ങു.

എന്നാലും എല്ലാ അനിയന്മാരേം ചേച്ചിമാര്‍ക്കു ഇഷ്ടമാ.

ഹാവൂ! ഞാന്‍ പോവാണുട്ടോ, വീട്ടിക്ക്‌. കപ്പ വേവിച്ചതും കുടമ്പൂളിയിട്ടു വച്ച മീങ്കറിം ഉണ്ടാക്കി അമ്മ കാത്തിരിക്കും.

Sulfikar Manalvayal said...

മനസില്‍ തട്ടി. അനിയനോടുള്ള സ്നേഹം.
ബാല്യ കാലത്തെ കുസ്ര്‍തികളെക്കു നയിച്ചു ഈ വരികള്‍. വല്ലാത്തൊരു നൊമ്പരമായി മനസിലുണ്ടെ അവയെന്നും. ഇനി ആ കാലം തിരിച്ചു കിട്ടില്ലല്ലോ എന്ന സങ്കടവും.
ഇഷ്ടായീ ഒരു പാട് . ഇത്തരം കുറെ നല്ല ഓര്‍മകളാണ് നമ്മെ ഒരിക്കലും പിരിയാത്ത ബന്ധങ്ങളാക്കുന്നത്. കുഞ്ഞനിയന്‍മാരും അനിയത്തിമാരുമുള്ള ഒരുപാട് പേര്‍ക്കു അതിന്‍റെ മഹത്വവും ആഴവും മനസിലായിട്ടുണ്ടാവും ഈ വരികളിലൂടെ.

ആശംസകള്‍.