സത്യം പറയാമല്ലോ, ഇന്നലെരാത്രി ഒരു പോള കണ്ണടച്ചിട്ടില്ല ഞാൻ. സന്തോഷം അതിന്റെ
എല്ലാ വന്യതകളോടെ എന്നെ വരിഞ്ഞുമുറുക്കുകയാണ്. അക്ഷരങ്ങളെ ഇത്രയധികം ഞാൻ
സ്നേഹിച്ചിരുന്നെന്ന് അവരെന്നെ ഇത്രയേറെ ചേർത്തുപിടിച്ചിട്ടുണ്ടെന്ന്
മനസ്സിലാകുന്നത് തന്നെ ഇന്നലെയാണ്. അടക്കിവച്ചിരുന്ന
ആശയങ്ങൾ ഒന്നായി വിരൽത്തുമ്പിലേക്ക് പ്രവഹിയ്ക്കുന്നതുപോലെ.
ഇതുവരെ സ്വയമുണ്ടാക്കിയ ഒരു തടവറയ്ക്കുള്ളിലായിരുന്നു ഞാൻ. കഥകൾക്കും
കവിതകൾക്കും അയിത്തം കല്പിച്ചിട്ടുള്ള, കൊലപാതകങ്ങളേക്കാൾ അവ നികൃഷ്ടമാണെന്ന്
കരുതുന്ന ഒരു സമൂഹത്തിലേക്ക് പറിച്ചുമാറ്റപ്പെട്ടപ്പോൾ സ്വയം നിർമ്മിച്ച ചില്ലു
കൂടാരത്തിലേക്ക് നടന്നുകയറിയത് സ്വന്തം തീരുമാനപ്രകാരം തന്നെയാണ്. അവിവാഹിതയായ പെണ്ണിന്റെ
സാരിയുടെ പ്ളീറ്റ്സ് തൊഴിലിടത്തിന്റെ മാന്യത സംരക്ഷിയ്ക്കുകയും അവളുടെ ചിരി
പുരുഷജന്മങ്ങളുടെ ആസക്തികൂട്ടുകയും ചെയ്തപ്പോൾ വരികളിൽ ഞാൻ പോലും അറിയാതെ ഉറങ്ങിക്കിടന്നേക്കാവുന്ന
അർത്ഥവിരാമങ്ങളേയും നാനാർത്ഥങ്ങളേയും അതുയർത്തിയിരുന്ന സദാചാരഭീകരതയേയും ഞാൻ
വല്ലാതെ ഭയന്നിരുന്നു എന്നതാണ് സത്യം. പാറുവിന്റെ സ്നേഹത്തോടെയുള്ള നിർബന്ധങ്ങൾ
ചെറിയശ്രമങ്ങൾക്ക് വഴിവെച്ചെങ്കിലും അക്ഷരങ്ങൾ അപ്പോഴും പിണങ്ങി നിന്നു.
ഈ തിരിച്ചുവരവിന് നന്ദി പറയാൻ ഒരുപാട് പേരുണ്ട്. എന്നിലെ എന്നെ കണ്ടെടുക്കാൻ എന്നെ
സഹായിച്ച അജയ്, സാഹചര്യങ്ങളോട് പൊരുതി എഴുത്തിടത്തിലും വായനക്കരുടെ മനസ്സിലും
സ്ഥാനമുറപ്പിച്ച വനജ, ഈ തിരിച്ചുവരവിൽ വ്യക്തമായ മാർഗനിർദ്ദേശങ്ങളോടെ പിന്തുണയറിയിയ്ക്കുന്ന
പ്രിയ ബ്ളോഗേഴ്സ് സജീവേട്ടനും വിശ്വേട്ടനും, പിന്നെ
ഒറ്റയ്ക്കല്ലെന്നോർമിപ്പിയ്ക്കാൻ തോളോട് ചേർന്നു നിൽക്കുന്ന കുഞ്ഞൂസ്, ചക്രവ്യൂഹത്തിലകപ്പെട്ടേക്കാമെന്ന്
ഭയന്ന് എനിക്ക് ചുറ്റും സുരക്ഷാവലയം തീർക്കുന്ന പ്രിയസഖാക്കൾ പ്രമോദ്, നജാഷ്,
സൂരജ്, നാടിന്റെ സംസ്ക്കാരികമൂല്യം സംരക്ഷിയ്ക്കുന്നതിന് ഓരോവ്യക്തിയ്ക്കും
ഉത്തരവാദിത്തമുണ്ടെന്ന് ഉറപ്പിയ്ക്കുന്ന സുഹൃത്തുക്കൾ മനോജും ദീപക്കും. മിസ്സൊരു
ടെറർ ആണെന്ന് പറയുമ്പോഴും എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിയ്ക്കുന്ന എന്റെ കുഞ്ഞുങ്ങൾ,
നിങ്ങളുള്ളപ്പോൾ ഞാൻ മറ്റെന്തിനെയാണ് ഭയക്കേണ്ടത്.
ഇതൊരു സാധാരണമടക്കയാത്രയല്ല, എന്റെ സ്വത്വം തിരിച്ചുപിടിയ്ക്കൽ കൂടിയാണ്,
ഒപ്പം എന്റെ സ്വാതന്ത്ര്യപ്രഖ്യാപനവും. ഇനിയീ അക്ഷരങ്ങളിലൂടെ ഞാൻ നിങ്ങളിലേക്കെത്തിക്കൊണ്ടിരിയ്ക്കും.
എന്റെ ഓർമ്മകളും
No comments:
Post a Comment