Monday, June 05, 2017

മോഷണം ഒരു കലാവിദ്യയാണ്

മോഷണം ഒരു കലാവിദ്യയാണ് എന്ന് പണ്ടുപണ്ട് ആരോ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു മോഷണത്തിന്റെ കഥയാണ് ഇത്. ജീവിതത്തിൽ ഞാനാദ്യം നടത്തിയ വിജയകരമായ മോഷണത്തിന്റെ കഥ. ടി.വി. യിൽ ഏതോ സെലിബ്ബ്രിറ്റി “ I got my first kiss on my 18th birthday” എന്ന് അഭിമാനത്തോടെ പറഞ്ഞതുപോലെ എനിയ്ക്കും പറയാൻ പറ്റും “I did my first theft at the age of 5” എന്ന്.
അന്ന് ഞാനും അക്കയും അപ്പച്ചിയോടൊപ്പം തെക്കേമലയിലും അമ്മയും അച്ഛനും സന്തോഷും തണ്ണിത്തോട്ടിലുമാണ് താമസം. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായി കേരളം മുഴുവനുമുള്ള യുവത്വങ്ങൾ പാരിസ് മുട്ടായി തിന്നുകയും അതിന്റെ കവർകൊണ്ട് കുഞ്ഞിപ്പാവയുണ്ടാക്കി പരസ്പരം കൈമാറുകയും ചെയ്തിരുന്ന കാലം. അപ്പച്ചി അന്ന് പത്തനംതിട്ടയിൽ തയ്യൽക്ലാസിന് പോകുന്നുണ്ട്. ഒരു കയ്യിൽ അലുമിനിയം പെട്ടിയും,തോളത്ത് വാട്ടർ ബോട്ടിലും മറുകൈകൊണ്ട് നാലാം ക്ളാസുകാരി വല്യക്കയുടെ കയ്യിലും പിടിച്ച് വലിയഗമയിലാണ് കൊച്ചു സിന്ധു, എടത്തിപള്ളിക്കൂടത്തിലേക്കു പോയിരുന്നത്. ഏകദേശം ഒരു മൈലോളം ദൂരമുണ്ട് തെക്കേമലയിൽനിന്ന് എടത്തിപ്പള്ളിക്കൂ ടത്തിലേക്ക്.
അങ്ങനെയൊരു സുപ്രഭാതത്തിലാണ് സംഭവം നടക്കുന്നത്. പതിവുപോലെ അപ്പച്ചി ബസ് കാശിനുവേണ്ടി സ്വന്തം സ്യൂട്ട്കേസ് തപ്പുന്നു. കൂട്ടിന് അക്കയും കൊച്ചുസിന്ധുവുമുണ്ട്. ഡ്രസ്സോക്കെ വലിച്ച് പുറത്തിട്ട് തപ്പുന്നതിനിടയിൽ വീണുകിട്ടിയ ഒറ്റരൂപ കൊച്ചുസിന്ധു ഒളിപ്പിച്ചു പിടിയ്ക്കുന്നു. തപ്പിയിട്ടും തപ്പിയിട്ടും കിട്ടാത്ത ഒറ്റനാണയത്തെ ചൊല്ലി അപ്പച്ചി പരിതപിയ്ക്കുന്നു. ക്രുദ്ധയായി അക്കയോട് പൈസയെടുത്തോയെന്ന് ചോദിയ്ക്കുന്നു, നല്ല ഞെരടുവെച്ച് കൊടുക്കുന്നു. (ഒരു രൂപ എന്നൊക്കെ പറഞ്ഞാൽ അന്ന് ഭയങ്കരവിലയാ. ഏതുവിദ്യാർത്ഥിയ്ക്കും ഒരു ബുക്കും പിടിച്ച് ബസിൽ കയറി 10 പൈസ കൊടുത്താൽ ഇഷ്ടമുള്ളടുത്ത് എറങ്ങിപ്പോകാം. പാരിസ് മുട്ടായിയ്ക്കും 10 പൈസയാണു വില. പത്ത് പൈസയ്ക്ക് പലകളറിലുള്ള ചെറിയ ഉണ്ട മുട്ടായി പത്തെണ്ണം കിട്ടും. കോൽ ഐസ്-25 പൈസ, കൂട് ഐസ്- 50 പൈസ ഇതാണ് മാർക്കറ്റ് റേറ്റ്. ഒരു ഗോലിയ്ക്കുപോലും അഞ്ചുപൈസയേ ഉള്ളൂ) മോഷ്ടിയ്ക്കാനും മാത്രം പ്രായം ആയിട്ടില്ലാത്തതുകൊണ്ട് കൊച്ചുസിന്ധൂനെ ചേർത്തു പിടിയ്ക്കുന്നു. അപ്പച്ചിയുടെ ഇമോഷണൽ ഡ്രാമയിലൊന്നും വീഴാതെ വളരെ വിദഗ്ധമായി കൊച്ചുസിന്ധു ആ ഒറ്റനാണയത്തെ സ്വന്തം പെട്ടിയിലൊളൊപ്പിയ്ക്കുന്നു. പാരിസ് മുട്ടായിയും, നാരങ്ങാ മുട്ടായിയും, തേൻ മുട്ടായിയും കോൽ ഐസും കവർ ഐസുമൊക്കെ കൊച്ചുസിന്ധുവിന്റെ ചിന്താധാരയിലേക്ക് കടന്നുവരുന്നു. അവൾ അങ്ങനെ സ്വപ്നലോകത്തെ ബാലഭാസ്ക്കരിയാവുകയാണ്.
മോഷണമുതലുമായി അങ്ങനെ സ്ക്കൂളിലേക്ക് മന്ദം മന്ദം നീങ്ങുമ്പോഴാണ് ഒരു വലിയ ചോദ്യം എഴുന്നേറ്റ് വന്ന് കൊച്ചുസിന്ധുവിന്റെ മുന്നിൽ നിൽക്കുന്നത്.
“എങ്ങനെയാണ് തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുക? എവിടുന്ന്, എങ്ങനെ ഇതൊക്കെ ഒപ്പിച്ചെടുക്കും?“
ചിന്തിച്ച് ചിന്തിച്ച് ചിന്താവിഷ്ടയായ ശ്യാമളയാകുന്നതിന് മുന്നെ കൊച്ചുസിന്ധു വിവരം വല്യക്കയോട് വിക്കിവിക്കി പറഞ്ഞു.
“അത്...., ആ..... ഒരുരൂപാ .........എന്റേലൊണ്ട്“
രാവിലെ വഴക്കു കിട്ടിയത്തിന്റെ കുറുമ്പ് മുഴോനുമെടുത്ത് വല്ല്യക്ക പറഞ്ഞു.
“നീ കട്ടെടുത്തോ?, നിന്റെ തല പൊട്ടിച്ചെതറിപ്പോവും“
“ഇനിയിപ്പോ എന്താ ചെയ്യാ“, പൊട്ടാൻ പോകുന്ന കുഞ്ഞിത്തലയെ ഓർത്ത് കൊച്ചുസിന്ധു സങ്കടപ്പെട്ടു,
“ന്റെ കയ്യേലു തന്നാമതി, എല്ലാത്തിനും വഴീണ്ടാക്കാം“, വല്ല്യക്ക തോളത്തു തലോടി ആശ്വസിപ്പിച്ചു.
അങ്ങനെ സ്ക്കൂളിലെത്തിയതും മോഷണമുതൽ വല്ല്യക്കയെ ഏല്പിച്ച് കൊച്ചുസിന്ധു പാപമോചിതയായി, സുസ്മേരവദനയായി
ലഞ്ച്ബ്രേക്കിന് ക്ളാസിലേക്ക് വന്ന വല്ല്യക്കയെക്കണ്ട് കൊച്ചുസിന്ധു തുള്ളിച്ചാടി ഓടിച്ചെന്നു.
കൊച്ചുസിന്ധുവിന്റെ കൊച്ചു കൈയ്യിലേക്ക് 10 ഉണ്ടമുട്ടായി വല്ല്യക്ക വച്ചുകൊടുത്തു.
“നീ തിന്നോ, ഇതെല്ലാം നിനക്കാ“
“അപ്പോ ഐസോ?“
പാരിസ് മുട്ടായിയും നാരങ്ങമുട്ടായിയും, തേൻ മുട്ടായിയും കവർ ഐസുമെല്ലാം വമ്പിച്ച നഷ്ടങ്ങളായി സ്വപ്നലോകത്തുനിന്ന് നാവിൻ തുമ്പിലേക്കിറങ്ങി വന്നെങ്കിലും ഫസ്റ്റ് പ്രിഫറൻസ് കിട്ടിയത് കോൽ ഐസിനാണ്.
“അതേ, ഞാൻ എല്ലാ ദിവസോം ആ രാജേഷിന്റെ കയ്യീന്ന് മുട്ടായി വാങ്ങിച്ച് തിന്നാറുള്ളതാ. ഇന്ന് ഞാൻ അവർക്ക് പാരിസ് മുട്ടായി വാങ്ങിക്കൊടുത്തു“
“ഞാനല്ലേ പൈസ കട്ടെടുത്തു തന്നത്, എന്നിട്ട്....“
ഒരു കാലവർഷത്തിനുള്ള ഒരുക്കം കണ്ണുകളിലും മേഘഗർജ്ജനത്തിനുള്ള ഒരുക്കം തൊണ്ടയിലും റെഡിയായി.
“മിണ്ടാതിരുന്നോ, നീ കട്ടെടുത്ത കാര്യം ഞാൻ അപ്പച്ചിയോട് പറഞ്ഞു കൊടുക്കുന്നൂണ്ട്. നിനക്ക് നല്ല തല്ലു വാങ്ങിത്തരും ഞാൻ“
ആ ഒറ്റ ഭീഷണിപ്പെടുത്തലിൽ കാലവർഷവും മേഘഗർജ്ജനവും വന്ന വഴിതന്നെ കയറിപ്പോയി.
ഗുണപാഠം: മോഷണമുതൽ ചത്താലും ചേച്ചിമാരെ ഏല്പിയ്ക്കരുത്

3 comments:

സുധി അറയ്ക്കൽ said...

വല്ലാത്ത മോഷണം തന്നെ.ചേച്ചിയും അനിയത്തിയും കൊള്ളാാം.

Sindhu Bhaskar said...

അനിയത്തി പാവമാണ് ഇപ്പൊഴും

കുഞ്ഞൂസ് (Kunjuss) said...

മോഷണകഥ രസകരമായി പറഞ്ഞു ട്ടോ....
ബ്ലോഗിൽ വീണ്ടും സജീവമാകൂ സിന്ധൂ...